കൊച്ചി: ഉത്പാദന ചെലവിനനുസരിച്ച് പാലിന് വില ലഭിക്കാതെ നട്ടംതിരിഞ്ഞ് ക്ഷീരകർഷകർ. സംഭരണവിലയും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചില്ലെങ്കിൽ മുന്നോട്ടുപോകാനാവില്ലെന്നും കർഷകർ പറയുന്നു.
ചെലവും വരുമാനവും സംബന്ധിച്ച് 2019ലാണ് മിൽമ ഒടുവിൽ പഠിച്ചത്. റിപ്പോർട്ട് പ്രകാരം 305 ദിവസം കറവയുള്ള കർഷകർക്ക് ഒരു ലിറ്ററിന് 48.68 രൂപയാണ് ഉദ്പാദനച്ചെലവ്. ലഭിച്ച വില 33.68 രൂപ. 3.56 രൂപ നഷ്‌ടം. 105 ദിവസം കറവയില്ലാത്ത പശുക്കളെ വളർത്തുന്നവർക്ക് 15.01 രൂപയുടെ നഷ്ടം.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ നിലവിൽ 65 രൂപയോളമാണ് ചെലവ്. ക്ഷീരസംഘങ്ങളിൽ നിന്ന് ലഭിക്കുന്നത് 39 രൂപ മുതൽ 43 രൂപ വരെ. പിടിച്ചുനിൽക്കാനാകാതെ നിരവധിപേർ പിന്മാറി.
13 ലക്ഷം പശുക്കളുണ്ടെന്നാണ് ക്ഷീരവികസന വകുപ്പിന്റെ കണക്ക്. ഒമ്പതു ലക്ഷമെന്ന് കർഷകർ പറയുന്നു. രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും. മറ്റു വരുമാനമുള്ളതിനാലാണ് ഇവർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നതെന്ന് കേരള ഡെയറി ഫാർമേഴ്സ് അസോസിയേഷൻ പറഞ്ഞു.
സംഭരണവില വർദ്ധിപ്പിക്കണമെന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ വഴിയുള്ള വരുമാനം മിൽമ ഇൻസെന്റീവായി നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. സർക്കാർ അനുമതി ആവശ്യമാണെന്നതും, സംസ്ഥാനത്തെയും പുറത്തെയും കമ്പനികളിൽ നിന്നുള്ള മത്സരവും മൂലം വില്പനവില വർദ്ധിപ്പിക്കാൻ കഴിയുന്നില്ലെന്ന് മിൽമ പറയുന്നു.
പ്രതിഷേധം 17ന്
പാലിന്റെ സംഭരണവില 70 രൂപയാക്കുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17ന് കോഴിക്കോട് മൃഗസംരക്ഷണ, ക്ഷീരവികസന ഓഫീസിന് മുമ്പിൽ കർഷകർ ധർണ നടത്തും. മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർ പങ്കെടുക്കും.
പ്രതിദിന ചെലവ് രൂപയിൽ (മിൽമ പഠനം )
കാലിത്തീറ്റ 154.18
പുല്ല്, വൈക്കോൽ 102.00
വെറ്ററിനറി, ബീജസങ്കലനം 9.04
പണിക്കൂലി 82.50
പലിശച്ചെലവ് 16.44
ഇൻഷ്വറൻസ് പ്രീമിയം 8.22
പ്രതിസന്ധിക്ക് കാരണങ്ങൾ
കാലിത്തീറ്റ വിലയിലെ വർദ്ധന
തൊഴിലാളികളുടെ കൂലി വർദ്ധന
പുൽകൃഷി ചെലവിലെ വർദ്ധന
വെറ്ററിനറി സേവനങ്ങളുടെ ചെലവ്
കാലാവസ്ഥാമാറ്റം മൂലമുള്ള പ്രശ്‌നങ്ങൾ
വൈദ്യുതി, വെള്ളം നിരക്ക് വർദ്ധന
കാലിത്തൊഴുത്ത് സാമഗ്രികളുടെ വില
സംഭരണവില വർദ്ധിപ്പിച്ചും കാലത്തീറ്റ വിലയുൾപ്പെടെ പിടിച്ചുനിറുത്തിയും മറ്റാനുകൂല്യങ്ങൾ നൽകിയും ക്ഷീരകകർഷകരെ നിലനിറുത്താൻ മിൽമയും സർക്കാരും നടപടിയെടുക്കണം.""
സി.കെ. സ്റ്റീഫൻ, ക്ഷീരകർഷകൻ
കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |