ടെഹ്‌റാൻ: ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് യു.എസിന്റെ പൂർണ പിന്തുണയുണ്ടെന്നും തങ്ങൾക്ക് അതു സംബന്ധിച്ച വ്യക്തമായ തെളിവുകൾ ലഭിച്ചെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി. മേഖലയിലുള്ള അമേരിക്കൻ സൈനികരും അമേരിക്കൻ ബേസുകളും ആക്രമണത്തിനിടെ ഇസ്രയേലിനെ സഹായിച്ചെന്ന് അരാഖ്‌ചി ചൂണ്ടിക്കാട്ടി.
ഇസ്രയേലിന് നേരെ വിക്ഷേപിച്ച ഇറാന്റെ ഏതാനും മിസൈലുകൾ യു.എസ് പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് അരാഖ്‌ചിയുടെ പ്രസ്താവന.
തങ്ങളുമായി ആണവ ചർച്ച നടത്തുന്നതിനിടെ ഇസ്രയേലിന് ആക്രമണത്തിന് പിന്തുണ നൽകുന്ന യു.എസിന്റെ നടപടി വഞ്ചനയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ആരോപിച്ചിരുന്നു. ഇറാനും യു.എസും തമ്മിലെ ആറാം റൗണ്ട് ആണവ ചർച്ച ഇന്നലെ മസ്‌കറ്റിൽ നടക്കേണ്ടതായിരുന്നു. ആക്രമണ പശ്ചാത്തലത്തിൽ ഇതു റദ്ദാക്കി.
സമാധാനം ഉടൻ: ട്രംപ്
ഇസ്രയേലിനും ഇറാനുമിടെയിൽ ഉടൻ സമാധാനം കൈവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും ഒരു കരാറിൽ എത്തുമെന്നും, അത് സാദ്ധ്യമാക്കുന്നത് താനാകുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |