അഹമ്മദാബാദ്: രാജ്യം ഞെട്ടിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ 294 വിലപ്പെട്ട ജീവനുകളാണ് നഷ്‌ടമായത്. 80ഓളം പേരുടെ ഭൗതികശരീരത്തിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി ബന്ധുക്കളേറ്റുവാങ്ങി. വിമാനയാത്രയെക്കുറിച്ചുവരെ ആശങ്കകൾ ഇതിനിടെ ഉയരുകയും ചെയ്‌തു. എന്നാൽ ഏത് ദുരന്തത്തെയും ഗൗരവത്തിലെടുക്കാതെ പൊതുസമൂഹത്തിൽ മോശമായി പെരുമാറുന്നവർ ഇപ്പോൾ ഏറിവരുകയാണ്. പ്രത്യേകിച്ചും റീൽസ്, ഷോർട്‌സ് അഡിക്‌റ്റുകളായവരുടെ എണ്ണം ഏറെയുള്ള ഈ സമയത്ത്.
ഇത്തരത്തിൽ വിമാനത്തിനുള്ളിൽ നിന്നും റീൽസ് ചെയ്‌ത് ഇൻസ്‌റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ഒരു യുവതിയുടെ പ്രവൃത്തിയാണ് ഇപ്പോൾ ഏറെ വിമർശനം വിളിച്ചുവരുത്തിയിരിക്കുന്നത്. അപകടം നടന്ന ദിവസത്തിന് പിറ്റേന്ന് അഹമ്മദാബാദിൽ നിന്നും പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയാണ് ഈ യുവതി. എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തിലെ യാത്രക്കാരിയാണ് താനെന്നും ബോയിംഗ് വിമാനത്തിൽ പറക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നുമാണ് യുവതി പോസ്റ്റിൽ ചോദിക്കുന്നത്. വീഡിയോയിൽ നിന്നും വിമാനത്തിലെ ഏക യാത്രക്കാരി ഇവരാണെന്ന് കാണാം.
ഏയ്‌ഞ്ചൽ ഇൻ ദുബായ് എന്ന പ്രൊഫൈലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിമാനത്തിൽ നിന്നും പുക ഉയർന്ന് അപകടമുണ്ടായാൽ നേരിടാൻ താൻ ഇപ്പോൾതന്നെ തയ്യാറാണെന്ന് മാസ്‌ക് തൊട്ടുകൊണ്ട് യുവതി പറയുന്നു. '300 പേർ അപകടത്തിൽ മരിച്ചു. ഇങ്ങനെ ചോദിക്കാൻ നിങ്ങൾക്ക് നാണമില്ലേ?' എന്ന് ചിലർ പോസ്റ്റിന് മറുപടി ഇട്ടിട്ടുണ്ട്. 'കുടുംബാംഗങ്ങളാരും അപകടത്തിൽ മരിക്കാത്തതുകൊണ്ട് ആളുകൾക്ക് നാണമില്ല. ദുരന്തവും പോസ്റ്റ് ആക്കുന്നു.' എന്നും ചിലർ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തിനടുത്ത് ലൈക്കുകൾ ഇതുവരെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |