നീണ്ട ക്യൂകൾ, ഭാരിച്ച ലഗേജ് ഫീസ്, പായ്‌ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ വിമാനയാത്രയിൽ പ്രധാന പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ച് ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്. അനുവദിച്ചിരിക്കുന്ന ലഗേജ് ഭാരത്തിൽ നിന്നും അൽപ്പം ഭാരം കൂടിയാൽപ്പോലും ആയിരക്കണക്കിന് രൂപ നൽകേണ്ടി വരും. എന്നാൽ, ബഡ്‌ജറ്റ് കുറവുള്ള യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു മാർഗമുണ്ട്. 'ഫ്ലൈയിംഗ് നേക്കഡ്' എന്നാണ് ഇതറിയപ്പെടുന്നത്. പതിവായി വിമാനയാത്ര ചെയ്യുന്നവർക്ക് സമയവും പണവും ലാഭിക്കാൻ പറ്റിയ മാർഗമാണിത്.
എന്താണ് 'ഫ്ലൈയിംഗ് നേക്കഡ്' ?
ഫ്ലൈയിംഗ് നേക്കഡ് അഥവാ നഗ്നമായി പറക്കുക എന്ന് പറയുമ്പോൾ ആദ്യം സംശയം തോന്നുമെങ്കിലും യഥാർത്ഥത്തിൽ അതല്ല. ഔട്ട്‌പുട്ട് ട്രാവലർ റിപ്പോർട്ട് അനുസരിച്ച്, വസ്‌ത്രങ്ങൾ ഇല്ലാതെ യാത്ര ചെയ്യുക എന്നല്ല ലഗേജ് ഇല്ലാതെ യാത്ര ചെയ്യുക എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. പറ്റുന്നതിന്റെ പരമാവധി കുറച്ച് ലഗേജ് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതാണ് ഈ ആശയം. നിങ്ങൾക്ക് അത്യാവശ്യമുള്ള ലാപ്‌ടോപ്പ്, പോക്കറ്റ് ബുക്ക് തുടങ്ങിയ ഭാരം കുറഞ്ഞതും ഒരു ബാഗിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതുമായ വസ്‌തുക്കൾ മാത്രം കൊണ്ടുപോയാൽ നിങ്ങൾക്കും നഗ്നമായി പറക്കാം.
'ഫ്ലൈയിംഗ് നേക്കഡ്' ഗുണങ്ങൾ
ഇങ്ങനെ വളരെ കുറഞ്ഞ ലഗേജുകൾ മാത്രം ഉൾപ്പെടുത്തി യാത്ര ചെയ്‌താൽ മറ്റ് അധിക ചാർജുകളൊന്നും നിങ്ങളിൽ നിന്ന് ഈടാക്കുന്നതല്ല. ബാഗേജ് ക്ലെയിമിനായി കാത്തിരിക്കേണ്ട. വലിയ വലിയ ബാഗുകൾ പരിശോധിക്കാനെടുക്കുന്ന സമയം ഇതിന് ആവശ്യമില്ല. മാത്രമല്ല, ഈ രീതിയിൽ യാത്ര ചെയ്‌താൽ അത് സമ്മർദരഹിതമാകും. വിമാനത്താവളത്തിലെ നടപടികൾ വേഗത്തിൽ കഴിയുകയും ചെയ്യും. കുറച്ച് ലഗേജ് മാത്രം കൊണ്ടുപോകുന്നത് നിങ്ങൾ സുഗമമായ യാത്രയാകും സമ്മാനിക്കുക. സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ടിക് കോക്കിലൂടെയാണ് ഫ്ലൈയിംഗ് നേക്കഡ് ഏറെ പ്രചാരം നേടിയത്.
'ഫ്ലൈയിംഗ് നേക്കഡ്' മൂന്ന് തരം
ഫ്ലൈയിംഗ് നേക്കഡ് പൊതുവെ മൂന്ന് തരത്തിലാണുള്ളത്. ഓരോന്നും ഓരോ തരം യാത്രക്കാർക്ക് അനുയോജ്യമായ രീതിയാണ്. ആദ്യത്തേത് ഏറ്റവും എളുപ്പമേറിയ രീതിയാണ്. ഈ രീതിയിലൂടെ യാത്ര ചെയ്യുന്നവർ ഫോൺ, വാലറ്റ്, ചാർജർ, ഒരു ജോഡി സൺഗ്ലാസ് തുടങ്ങിയ അവശ്യവസ്‌തുക്കൾ മാത്രം കൊണ്ടുപോകുന്നവരാകും. അനാവശ്യമായ എല്ലാ വസ്‌തുക്കളും ഒഴിവാക്കി അത്യാവശ്യ സാധനങ്ങൾ മാത്രം കൊണ്ടുപോകാവുന്ന മാർഗമാണിത്. ലഗേജ് കൂടുന്നതിനനുസരിച്ചാണ് രണ്ടും മൂന്നും തരമായി തിരിച്ചിരിക്കുന്നത്.
ജനപ്രീതി നേടാൻ കാരണം
പ്രത്യേകിച്ച് യുവ തലമുറയ്‌ക്കിടയിലാണ് ഫ്ലൈയിംഗ് നേക്കഡ് ജനപ്രീതി നേടുന്നത്. 2023ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ 33 ബില്യൺ ഡോളറിലധികം പണം വിമാനക്കമ്പനികൾ ബാഗേജ് ഫീസായി കൈപ്പറ്റിയിട്ടുണ്ട്. ലഘുവായ ലഗേജ് മാത്രം കൊണ്ടുപോയി പണം ലാഭിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഫ്ലൈയിംഗ് നേക്കഡിനെ ജനപ്രിയമാക്കാനുള്ള പ്രധാന കാരണം. ചെക്ക് - ഇൻ ചെയ്യാനുള്ള നീണ്ട വരികളിൽ നിൽക്കേണ്ട. ബാഗേജ് കൈപ്പറ്റാൻ ഏറെനേരം കാത്തുനിൽക്കേണ്ടി വരില്ല. പതിവായി യാത്ര ചെയ്യുന്നവർക്ക് ഇതൊരു വലിയ നേട്ടമാണ്.
വെല്ലുവിളികൾ
ഗുണങ്ങൾ പോലെ തന്നെ ഇതിന് വെല്ലുവിളികളും നേരിടേണ്ടി വരും. പ്രത്യേകിച്ച് ദീർഘദൂരം യാത്ര ചെയ്യുന്നവരിൽ. വസ്‌ത്രങ്ങൾ തുടങ്ങി അവശ്യസാധനങ്ങൾ കൊണ്ടുപോകാതെ യാത്ര ചെയ്യുമ്പോൾ അവർക്ക് ഡെസ്റ്റിനേഷനിലെത്തിയ ശേഷം പണം ചെലവാക്കി ഈ സാധനങ്ങളെല്ലാം വാങ്ങേണ്ടി വരുന്നു. മാത്രമല്ല, തിരികെ യാത്ര ചെയ്യുമ്പോൾ ഭാരം കുറയ്‌ക്കാനായി ഈ വസ്‌തുക്കളെല്ലാം അവിടെ ഉപേക്ഷിച്ച് വരുന്നതും പ്രകൃതിയോട് ചെയ്യുന്ന ദ്രോഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |