ന്യൂഡൽഹി: ഇന്ത്യയിലെ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. കോടിക്കണക്കിന് രൂപയുടെ സമ്പത്ത്, വജ്രങ്ങൾ, രത്നങ്ങൾ ഇങ്ങനെ പോകുന്നു അവരുടെ സൗഭാഗ്യങ്ങൾ. ആയിരക്കണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന കൊട്ടാരങ്ങൾ, അവിടെ രാജ്ഞിമാരെയും രാജകുമാരിമാരെയും കൊണ്ട് നിറഞ്ഞിരുന്നു.
അത്തരത്തിൽ വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച ഹൈദരാബാദിലെ നിസാമായിരുന്നു മിർ ഒസ്മാൻ അലി ഖാൻ. പതിനെട്ടാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടുവരെ ഹൈദരാബാദ് ഭരിച്ച രാജാക്കന്മാരെയാണ് നിസാമുകൾ എന്ന് പറയുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാൾ കൂടിയായിരുന്നു മിർ ഒസ്മാൻഅലി ഖാൻ. അക്കാലത്ത്, അദ്ദേഹത്തിന് 50ലധികം റോൾസ് റോയ്സ് കാറുകൾ ഉണ്ടായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ശതകോടീശ്വരൻ
ശതകോടീശ്വരന്മാരെന്ന് കേൾക്കുമ്പോൾ തന്നെ മുകേഷ് അംബാനിയേയും അദാനിയേയുമൊക്കെയാണ് നമുക്ക് ഓർമ വരുന്നത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ശതകോടീശ്വരൻ എന്ന പദവി ഹൈദരാബാദിലെ ഏഴാമത്തെ നിസാമായ മിർ ഒസ്മാൻ അലി ഖാന് സ്വന്തമാണ്.
മിർ ഒസ്മാൻ അലി ഖാന്റെ സമ്പത്ത് എത്രയാണെന്ന് അളന്നുതിട്ടപ്പെടുത്താൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും വജ്രങ്ങൾ, സ്വർണ്ണം, വെള്ളി, രത്നങ്ങൾ എന്നിവയുടെയൊക്കെ കൂമ്പാരം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നത്രേ. എന്തിനേറെപ്പറയുന്നു പൂന്തോട്ടത്തിൽ സ്വർണ ഇഷ്ടികകൾ വരെ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നുണ്ട്. ഏകദേശം 2,03,55,76,70,00,000 രൂപ വിലമതിക്കുന്ന ആസ്തികൾ അദ്ദേഹത്തിനുണ്ടായിരുന്നു.
ഫലക്നുമ കൊട്ടാരത്തിന്റെ ഉടമ
താമസിക്കാനായി ഡസൻ കണക്കിന് കൊട്ടാരങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നിരുന്നാലും അദ്ദേഹം കൂടുതലായി സമയം ചെലവഴിച്ചത് ഫലക്നുമ കൊട്ടാരത്തിലായിരുന്നു. 1893ലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. എന്നാൽ ഇത് ആഡംബര പൂർണ്ണമാക്കിയതിന്റെ ബഹുമതി ഹൈദരാബാദിലെ അവസാന നിസാമായ അസഫ് ജാ ഏഴാമനാണ്. ആ കാലഘട്ടത്തിൽ, ഈ കൊട്ടാരം നിർമ്മിക്കുന്നതിനുള്ള ചെലവ് 40 ലക്ഷം രൂപയായിരുന്നു. 32 ഏക്കർ വിസ്തൃതിയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
കൊട്ടാരത്തിൽ 220 മുറികളുണ്ടായിരുന്നു. കൊട്ടാരത്തിന്റെ ഭംഗി കണ്ട് ടൈംസ് മാഗസിൻ അതിന്റെ കവർ പേജിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡൈനിങ് ടേബിളും ഇവിടെയാണ്. 80 അടി നീളമുള്ള ഈ മേശയിൽ 101 പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം.
ബ്രിട്ടീഷ് പത്രമായ 'ദി ഇൻഡിപെൻഡന്റ്' റിപ്പോർട്ട് അനുസരിച്ച്, 1886 -1967 കാലയളവിൽ ഹൈദരാബാദ് നിസാമിന്റെ ആകെ സമ്പത്ത് 236 ബില്യൺ ഡോളറായിരുന്നു. 1965ൽ ചൈനയുമായുള്ള യുദ്ധത്തിൽ ഹൈദരാബാദ് നിസാം അഞ്ച് ടൺ (5000 കിലോഗ്രാം) സ്വർണ്ണം ഇന്ത്യൻ സർക്കാരിന് സംഭാവന ചെയ്തു.
മഹാ പിശുക്കൻ
ഹൈദരാബാദിലെ നിസാം മിർ ഒസ്മാൻ അലി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു, എന്നാൽ അദ്ദേഹം അത്രയും തന്നെ പിശുക്കനുമായിരുന്നത്രേ. മറ്റൊരാൾ പകുതി വച്ച് കളഞ്ഞ സിഗരറ്റ് പോലും അദ്ദേഹം ഉപയോഗിച്ചിരുന്നത്രേ. ചരിത്രകാരന്മാരായ ഡൊമിനിക് ലാപിയറും ലാറി കോളിൻസും എഴുതിയ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന പുസ്തകവും അനുസരിച്ച്, മിർ ഒസ്മാൻ അലി പിശുക്കിന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയാണ്. ഒരു അതിഥി തന്റെ കൊട്ടാരത്തിൽ വന്ന്, സിഗരറ്റ് പകുതി വലിച്ച് ഉപേക്ഷിക്കുമ്പോഴെല്ലാം, നിസാം അത് എടുത്ത് വലിക്കുമായിരുന്നത്രേ.
35 വർഷത്തോളം നിസാം ഒരേ തൊപ്പി ധരിച്ചു. 200 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കഴിയുന്നത്ര സ്വർണ്ണ പാത്രങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും, എന്നാൽ അദ്ദേഹം പഴയ തകരപ്പാത്രങ്ങളിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
കാറുകൾ കൊള്ളയടിക്കുന്നു
നിസാമിന് നിരവധി ആഡംബര കാറുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗാരേജിൽ 50 റോൾസ് റോയ്സ് പാർക്ക് ചെയ്തിരുന്നു. എന്നാൽ ആരുടെയെങ്കിലും കൈവശം ആഡംബര കാറുകൾ കാണുമ്പോഴെല്ലാം, അദ്ദേഹം ഉടമയിൽ നിന്ന് സമ്മാനമായി അത് ആവശ്യപ്പെടുമായിരുന്നു. ആയിരക്കണക്കിന് കാറുകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം ഒരു പഴയ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |