തിരുവനന്തപുരം: കാലവർഷവും കടൽക്ഷോഭവും ശക്തമായതോടെ ആയിരക്കണക്കിന് തീരദേശവാസികളാണ് ഭയത്തോടെ കഴിയുന്നത്. ഇന്നലെവരെ സ്വന്തമെന്ന് കരുതിയ വീടും പറമ്പുമൊക്കെയാണ് കടലെടുത്തത്. വേളി മുതൽ വലിയതുറ വരെയുള്ള ഭാഗത്തെ നൂറോളം വീടുകൾ തകർന്നു. ശംഖുംമുഖം ബീച്ചിന്റെ വലിയൊരു ഭാഗവും കടലെടുത്തു.കടലിൽ കപ്പൽ മുങ്ങുകയും തീപിടിക്കുകയും കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ വ്യാപകമായി ആശങ്ക പരത്തുകയും ചെയ്യുന്നതിനിടെയാണ്, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടൽക്ഷോഭം കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.
വെട്ടുകാട് ഭാഗത്ത് 25ഉം കണ്ണാന്തുറ ഭാഗത്ത് 50ഓളവും ശംഖുംമുഖം,വലിയതുറ ഭാഗത്ത് 20ഓളം വീടുകളുമാണ് തകർന്നത്. ബീമാപള്ളി, വെട്ടുകാട്, ചെറിയതുറ, വലിയതുറ, ശംഖുംമുഖം, വേളി, കണ്ണാന്തുറ, കൊച്ചുതോപ്പ്, പൊഴിക്കര ഭാഗങ്ങളിലെ തീരത്തുള്ള വീടുകൾ ഭൂരിഭാഗവും അപകടാവസ്ഥയിലാണ്. ഇവയിലുണ്ടായിരുന്ന ഭൂരിഭാഗംപേരും ബന്ധുവീടുകളിൽ അഭയം തേടി.
കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ വീടുകൾ ഏതുസമയവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. തീരസംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന മണൽചാക്കുകൾ കടലെടുത്തുപോയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കടലാക്രമണത്തിൽ തീരദേശ റോഡുകൾ തകർന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
15 മീറ്റർ സ്ഥലം കാണാതായി
കടലാക്രമണം ശക്തമായതോടെ വെട്ടുകാട് മുക്കോണിവിളാകം എം.പി ഹൗസിൽ ഇപ്പോൾ ബാക്കിയുള്ളത് വീടിന്റെ ഒരു വശം മാത്രമാണ്. മൂന്ന് വർഷം മുൻപ് തകർന്നുപോയ വീടിന്റെ മേൽക്കൂര തീരത്തുതന്നെ കിടപ്പുണ്ടെങ്കിലും, തിരയടിച്ച് 15 മീറ്ററോളം സ്ഥലം കടലെടുത്തുകഴിഞ്ഞു. പത്ത് വർഷത്തോളം താമസിച്ചിരുന്ന കുടുംബവീട് നഷ്ടമായെങ്കിലും അവശേഷിക്കുന്ന വീടുകൾ സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലാണ് അജ്നസ് അലോഷ്യസും ബോസ്കോയും റോസ്ബെൽ ജോണും അടക്കമുള്ള സഹോദരങ്ങൾ. ഇത്തരത്തിൽ നിരവധിയാളുകളാണ് വെട്ടുകാടുള്ളത്.
കളിമണ്ണിനായി നെട്ടോട്ടം
കടൽഭിത്തി നിർമ്മിക്കാത്തതിനാൽ തീരമിടിയുന്നത് തടയാൻ കളിമണ്ണ് ചാക്കിൽ നിറച്ച് സംരക്ഷണഭിത്തിയുണ്ടാക്കാനാണ് വെട്ടുകാടുള്ളവർ ശ്രമിക്കുന്നത്.ക്ലേ ഫാക്ടറിയിൽ നിന്ന് 2000 മുതൽ 5000 രൂപ വരെ നിരക്കിൽ കളിമണ്ണ് വാങ്ങിയാണ് തീരത്തടുക്കുന്നത്. കടൽക്ഷോഭം രൂക്ഷമായതോടെ നിരവധി ആളുകളാണ് കളിമണ്ണിനായി പരക്കംപായുന്നത്. ശംഖുംമുഖം, വലിയതുറ ഭാഗത്ത് കടൽഭിത്തി നിർമ്മിക്കാത്തതും കല്ല് പാകാത്തതുമായ സ്ഥലങ്ങളിൽ നഗരസഭയുടെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിൽ കരിങ്കല്ലിടുന്നതും കളിമണ്ണ് ചാക്കുകൾ നിരത്തുന്നതുമായ നടപടികൾ തുടരുന്നുണ്ടെങ്കിലും വെട്ടുകാട് ഭാഗത്ത് സർക്കാർ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ശംഖുംമുഖം ബീച്ച് കടലെടുത്തു
150ഓളം മീറ്റർ ദൂരമുണ്ടായിരുന്ന ശംഖുംമുഖം ബീച്ചാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. റോഡിനും തീരത്തിനുമിടയിൽ ഇപ്പോൾ തീരമില്ലാതായിക്കഴിഞ്ഞു. ആറാട്ടു മണ്ഡപത്തിന് തൊട്ടരകിൽ വരെ തിരയടിച്ചെത്തുന്നുണ്ട്. കടൽക്ഷോഭം കൂടുതൽ രൂക്ഷമായാൽ ആറാട്ട് മണ്ഡപത്തിന് ഭീഷണിയാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ബീച്ചിന്റെ ഒരു ഭാഗത്ത് കയറ്റിയിട്ടിരുന്ന ബോട്ടുകൾ ഇപ്പോൾ ടൂറിസം വിഭാഗത്തിന് നൽകിയ സ്ഥലത്താണ് മാറ്റിയിട്ടിരിക്കുന്നത്.
ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു
തലസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടലുണ്ടാകുന്നില്ലെന്ന പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടർ, തഹസിൽദാർ, സംസ്ഥാന ഫിഷറീസ് വകുപ്പ് മേധാവി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് അയച്ചു. തീരദേശവാസികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |