ഇംഗ്ളണ്ടിലെ ലോഡ്സ് മൈതാനിയിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് മലർത്തിയടിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായിരിക്കുന്നു. കഴിഞ്ഞ 27 വർഷത്തിനിടയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കുന്ന ആദ്യ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റ് കിരീടം. ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ച ഏക ഐ.സി.സി കിരീടം 1998-ലെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടെംപ ബൗമ എന്ന കറുത്ത വർഗക്കാരൻ നായകനു കീഴിൽ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോൾ കടുത്ത ഓസ്ട്രേലിയൻ പക്ഷപാതികളല്ലാത്ത ക്രിക്കറ്റ് ആരാധകരൊക്കെയും ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. വിരാട് കൊഹ്‌ലിയുടെ 18 വർഷത്തെ ഐ.പി.എൽ കിരീടവരൾച്ചയ്ക്ക് ശുഭസമാപനമായതു പോലെ ദക്ഷിണാഫ്രിക്കയുടെ കിരീടക്കാത്തിരിപ്പിനും തിരശീല വീഴുന്നതു കാണാൻ ആരാധകർ ആഗ്രഹിച്ചു.
വർണവെറിയുടെ കാലഘട്ടം കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കാലഘട്ടം മുതൽ മുൻനിര ടീമുകളിലൊന്നായി നിലകൊള്ളാൻ കഴിഞ്ഞിരുന്നെങ്കിലും ഐ.സി.സി ടൂർണമെന്റുകളുടെ നിർണായകഘട്ടങ്ങളിൽ അവർക്ക് പിഴച്ചുകൊണ്ടേയിരുന്നു. 1992 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ളണ്ടിനെതിരെ ജയിക്കാൻ 13 പന്തുകളിൽ 22 റൺസ് മതിയായിരുന്ന ദക്ഷിണാഫ്രിക്ക തകർന്നുപോയത് മഴയിലാണ്. കളി പുനരാരംഭിച്ചപ്പോൾ മഴനിയമ പ്രകാരം ഒരു പന്തിൽ 22 റൺസ് എന്ന അസാദ്ധ്യ നിലയിലേക്ക് അവർ വീണിരുന്നു. പിന്നീട് 1999 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരായ സെമിയിൽ, 2003 ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ, കഴിഞ്ഞവർഷം ഇന്ത്യയ്ക്ക് എതിരായ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽവരെ അവരെ നിർഭാഗ്യം വേട്ടയാടിക്കൊണ്ടേയിരുന്നു. ഏഴ് ഐ.സി.സി ടൂർണമെന്റുകളുടെ സെമിഫൈനലിൽ വീണവരാണ് ദക്ഷിണാഫ്രിക്ക. ആ വേദനകളൊക്കെയും മറക്കാനുള്ള ഔഷധമാണ് ടെംപ ബൗമയും സംഘവും ലോഡ്സിൽ ഉയർത്തിപ്പിടിച്ച ചെങ്കോൽ.
നിസാരമായി നേടിയെടുത്തതല്ല, തോൽവിയുടെ വക്കിൽ നിന്ന് പൊരുതി വാങ്ങിയതാണ് ദക്ഷിണാഫ്രിക്ക ഈ കിരീടം. ആദ്യ ഇന്നിംഗ്സിൽ 74 റൺസിന്റെ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സിൽ 282 റൺസിന്റെ വിജയലക്ഷ്യം നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തു പകർന്നത് സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമിന്റേയും (136) അർദ്ധസെഞ്ച്വറി നേടിയ ടെംപ ബൗമയുടേയും (66) പോരാട്ടവീര്യമാണ്. മത്സരത്തിന്റെ നാലാം ദിനം എട്ടുവിക്കറ്റുകൾ കയ്യിലിരിക്കെ 69 റൺസ് കൂടി മതിയായിരുന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനാകുമോ എന്നു സന്ദേഹിച്ചത് കപ്പിനും ചുണ്ടിനുമിടയിൽ ഇടറുന്ന നിർഭാഗ്യചരിത്രം ഓർമയിലുള്ളതുകൊണ്ടാണ്.
കളിക്കളത്തിൽ എതിരാളികളെ തളർത്താനായി പുച്ഛവും പരിഹാസവും വാരിവിതറുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ഓസ്ട്രേലിയക്കാർ. ഓർമ്മകളുടെ ഉണങ്ങാത്ത മുറിപ്പാടിൽ മുള്ളുകമ്പികൊണ്ട് വരയുന്നതുപോലെ, കളിയുടെ ഓരോനിമിഷത്തിലും തങ്ങളെ നിർഭാഗ്യവാന്മാരെന്ന് കളിയാക്കി വിളിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ തന്ത്രങ്ങളെയും മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ കിരീടജയം.
മത്സരശേഷം ഓസീസിന്റെ കളിയാക്കലിനെക്കുറിച്ച് ടെംപ തുറന്നുപറഞ്ഞിരുന്നു. പക്ഷേ ക്രിക്കറ്റിലേക്ക് എത്തിയതു മുതൽ തന്റെ പൊക്കക്കുറവിന്റെ പേരിലുള്ള പരിഹാസങ്ങളെ നേരിട്ടിരുന്ന ടെംപയെ തളർത്താൻ ആ വാക്ശരങ്ങൾക്കൊന്നും കഴിഞ്ഞില്ല. സംവരണത്തിന്റെ പേരിൽ മാത്രം ടീമിലെത്തുകയും നായകനാവുകയും ചെയ്തുവെന്ന പരിഹാസവും എത്രയോ കാലമായി ടെംപ കേൾക്കുന്നു. പക്ഷേ പൊക്കവും നിറവുമുള്ളവർക്കൊന്നും കഴിയാത്ത നേട്ടത്തിലേക്ക് രാജ്യത്തെ നയിക്കാൻ കഴിഞ്ഞത് ടെംപയ്ക്ക് മാത്രം. തന്റെ ടീമിനുമേൽ വർഷങ്ങളായി ചാർത്തപ്പെട്ടിരുന്ന നിർഭാഗ്യവാന്മാരെന്ന മുദ്ര മായ്ക്കാൻ കഴിഞ്ഞ അപൂർവ ഭാഗ്യവാനാണ് ടെംപ. പ്രതീക്ഷ എന്നാണ് ടെംപ എന്ന ദക്ഷിണാഫ്രിക്കൻ വാക്കിന് അർത്ഥം. ദക്ഷിണാഫ്രിക്കയുടേതു മാത്രമല്ല, പരിഹാസങ്ങളാൽ തിരസ്കരിക്കപ്പെടുന്നവരുടെയൊക്കെയും പ്രതീക്ഷയുടെ തിരിനാളമാണ് ടെംപ ബൗമ എന്ന നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |