പാലക്കാട്: സ്വച്ഛ്ഭാരത് മിഷന്റെ(ഗ്രാമീൺ) ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ശുചിത്വ നിലവാര പരിശോധന കേരളത്തിൽ ഇന്നാരംഭിക്കും. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജൻസിയുടെ നേതൃത്വത്തിലാണ് സർവ്വേ. തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ഏകോപനം നടത്തും. ഇന്നാരംഭിക്കുന്ന സർവ്വേയിൽ കേരളത്തിൽ എല്ലാ ജില്ലകളിലുമായി 462 വില്ലേജുകളിൽ പരിശോധന നടത്തും. ഓരോ ജില്ലയിലും ജനസംഖ്യാടിസ്ഥാനത്തിൽ കുറഞ്ഞത് 20 വില്ലേജ് പരിശോധിക്കും. നാല് ഘട്ടമായി നടത്തുന്ന സർവ്വേയിൽ സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ ഓഫീസുകൾ, അങ്കണവാടികൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ശുചിത്വ നിലവാരം വിലയിരുത്തപ്പെടും. പൊതു ശുചിത്വം, പൊതു ഇടങ്ങളിലെ മാലിന്യനിക്ഷേപം, ഖരദ്രവ മാലിന്യസംസ്‌കരണ മേഖലയിൽ വില്ലേജ് തലത്തിൽ സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങൾ തുടങ്ങിയവയും റാങ്കിംഗിനു പരിഗണിക്കപ്പെടും. വില്ലേജടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 1620 വീടുകളിൽ സന്ദർശനം നടത്തി ജൈവഅജൈവ മാലിന്യസംസ്‌കരണ രീതികൾ, ശുചിമുറി സംവിധാനങ്ങളുടെ വൃത്തിയും പരിപാലനവും ഉപയോഗവും, ജലലഭ്യത, ശൗചാലയ മാലിന്യ ശാസ്ത്രീയ സംസ്‌കരണ രീതികൾ എന്നിവയും പരിശോധിക്കും. കമ്മ്യൂണിറ്റി തലത്തിൽ ശൗചാലയ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, ബയോഗ്യാസ് പ്ലാന്റുകൾ, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം പ്രത്യേകം വിലയിരുത്തപ്പെടും. സ്വച്ഛ് സർവ്വേക്ഷൺ (ഗ്രാമീൺ) 2025 എന്ന സിറ്റിസൺ ഫീഡ്ബാക്ക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആപ്പിലൂടെ ജനത്തിന് നേരിട്ട് അഭിപ്രായം രേഖപ്പെടുത്താം. സർവ്വേക്കു ശേഷം വൃത്തി കുറഞ്ഞയിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കും.
ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുക, മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ ഹരിതകർമസേനയ്ക്ക് കൈമാറുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പൊതുയിടങ്ങളിൽ മാലിന്യം കൂട്ടിയിടാതിരിക്കുക, ഖരദ്രവ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ രീതികൾ അവലംബിക്കുക, പൊതുയിടങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക എന്നീ മാർഗങ്ങൾ വഴി ജില്ലയ്ക്ക് മികച്ച റാങ്കിംഗ് സ്വന്തമാക്കുവാൻ കഴിയുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |