പ്രിയംവദയുടെ മൂന്നുപവന്റെ മാലയും മൂക്കുത്തിയും കാണാനില്ല
വെള്ളറട: വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതികൾ റിമാൻഡിൽ. പനച്ചമൂട് പഞ്ചാകുഴി മാവുവിള വീട്ടിൽ പ്രിയംവദയെ കൊലപ്പെടുത്തിയ അയൽവാസിയായ വി.എസ് ഭവനിൽ വിനോദ് (46),ഇയാളുടെ അനുജൻ ചെങ്കവിള വട്ടവിള പെരിഞ്ചിറ വീട്ടിൽ സന്തോഷ് (35) എന്നിവരെയാണ് നെയ്യാറ്റിൻകര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സന്തോഷിന് കൊലപാതകത്തിൽ പങ്കില്ലെങ്കിലും മൃതദേഹം കുഴിച്ചിടാനും വീട് കഴുകി വൃത്തിയാക്കാനും സഹായിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വെള്ളറട പൊലീസ് ഇയാളെയും പ്രതിചേർത്തത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് പ്രിയംവദയുടെ മൃതദേഹം, വിനോദിന്റെ വീടിനു പിറകിലെ കുഴിയിൽ നിന്ന് പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് 5.30ഓടെ മൃതദേഹം വിട്ടുനൽകി.
പ്രിയംവദയുടെ വീടിനു സമീപം സ്ഥലമില്ലാത്തതിനാൽ കുന്നത്തുകാലിലെ സ്നേഹതീരം പൊതുശ്മശാനത്തിലെത്തിച്ച് മൃതദേഹം സംസ്കരിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം നേരെ ശ്മശാനത്തിലാണ് എത്തിച്ചത്.
മൃതദേഹം അഴുകിയതിനാൽ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.പ്രിയംവദയുടെ കഴുത്തിൽ മൂന്ന് പവന്റെ മാലയും മൂക്കുത്തിയുമുണ്ടായിരുന്നതായി മക്കളായ രേഷ്മയും ചിഞ്ചുവും പൊലീസിന് മൊഴിനൽകി.കൊലയ്ക്കുശേഷം ഇത് അപഹരിച്ചോയെന്നും പൊലീസ് അന്വേഷിക്കും. പ്രിയംവദയ്ക്ക് വിനോദുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും മക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തെളിവെടുപ്പിനായി വിനോദിനെയും സന്തോഷിനെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് വെള്ളറട പൊലീസ് പറഞ്ഞു.
കളിയിക്കാവിളയിൽ ഫോൺ ഉപേക്ഷിച്ചു!
പ്രിയംവദയെ കൊലപ്പെടുത്തിയശേഷം ഇവരുടെ ഫോൺ, വിനോദ് കളിയിക്കാവിളയിൽ കൊണ്ടുപോയി കളഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇത്.പുറത്ത് ആരോടും പ്രതിക്ക് അടുപ്പമുണ്ടായിരുന്നില്ല. മദ്യപാന ശീലമുള്ളതിനാൽ വല്ലപ്പോഴും ജോലിക്ക് പോയശേഷം സുഹൃത്തുക്കളുമായി മദ്യപിക്കുന്നതായിരുന്നു വിനോദിന്റെ പതിവ്. ഭാര്യ സിന്ധു വിദേശത്തായതിനാൽ,ഇവരുടെ രണ്ട് മക്കൾ സിന്ധുവിന്റെ അമ്മ സരസ്വതിക്കൊപ്പം മറ്റൊരു വീട്ടിലായിരുന്നു. ശനിയാഴ്ച മക്കൾ വീട്ടിലെത്തിയപ്പോൾ കട്ടിലിനടിയിൽ എന്തോ കെട്ടിവച്ചിരിക്കുന്നത് കണ്ടതായി, സരസ്വതിയോട് പറഞ്ഞതാണ് കൊലപാതകം പുറംലോകം അറിയാൻ കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |