അബുദാബി: യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഉയർന്ന ശമ്പളമുള്ള ഉദ്യോഗസ്ഥർ ജോലി വിടുന്നതായി റിപ്പോർട്ട്. റോബർട്ട് വാൾട്ടേഴ്‌സ് മിഡിൽ ഈസ്റ്റ് സാലറി സർവേ 2025ലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സർവേയിൽ പങ്കെടുത്തതിൽ 68 ശതമാനം പേരും ശമ്പള വർദ്ധനവ് വൈകുന്നതിന്റെ പേരിൽ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിയവരാണ്. ചെലവ് കുറയ്‌ക്കാനുള്ള കമ്പനി ഉടമകളുടെ നീക്കങ്ങൾ തൊഴിൽ ശക്തിയുടെ സ്ഥിരതയെ ബാധിച്ചു എന്നതിന്റെ സൂചനയാണിത്.
സാമ്പത്തിക സാഹചര്യങ്ങൾ മാറിമറിയുന്നതിനാലാണ് പല കമ്പനികൾക്കും ശമ്പളത്തിന്റെ കാര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത്. ശമ്പള വർദ്ധനവ് മാറ്റിവയ്‌ക്കുന്നത് കമ്പനികളുടെ ഹ്രസ്വകാല ബഡ്‌ജറ്റുകൾ സന്തുലിതമാക്കാൻ സഹായിക്കും.
ശമ്പള വർദ്ധനവ് മാറ്റിവയ്‌ക്കുന്നത് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും കമ്പനികളുടെ ഉൽപ്പാദനക്ഷമത കുറയ്‌ക്കുന്നതിനും തകർച്ചയ്‌ക്ക് പോലും കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്. ബിസിനസുകൾ വലിയ സമ്മർദത്തിലായതിനാൽ സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരുന്നുവെന്നാണ് 77 ശതമാനം തൊഴിലുടമകളും സർവേയിൽ പ്രതികരിച്ചിരിക്കുന്നത്.
യുഎഇ പോലെ വളരെ വേഗം വളരുന്ന രാജ്യത്ത് ജോലി സാദ്ധ്യതകൾ ഒരുപാടാണ്. എന്നാൽ, ശമ്പളം മാത്രമല്ല വേണ്ട പ്രോത്സാഹനവും അംഗീകാരവും നൽകിയാൽ ജീവനക്കാർ ജോലി ഉപേക്ഷിക്കില്ല എന്നാണ് ദുബായിലെ മാർക്ക് എല്ലിസിലെ ജനറൽ മാനേജർ ആവ്സ് ഇസ്മായിൽ പറഞ്ഞത്. വേണ്ട അംഗീകാരവും പ്രോത്സാഹനവും നൽകാത്തത് കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |