കൊച്ചി: അടുത്തിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പരിശോധനയ്ക്ക് ആന്റിജൻ കിറ്റുകളില്ല. കേസുകളുടെ എണ്ണം 2,000 കടന്നിട്ടും ഒരൊറ്റ ആശുപത്രിയിൽപ്പോലും ആന്റിജൻ കിറ്റെത്തിയിട്ടില്ല. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (കെ.എം.എസ്.സി.എൽ) വിതരണ ചുമതല.
ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവാണെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ചെയ്യണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞമാസം നിർദ്ദേശിച്ചിട്ടും മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലുംവരെ കിറ്റില്ല.
കൊവിഡ് കാലത്ത് എട്ട് കമ്പനികളാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ലക്ഷക്കണക്കിന് ആന്റിജൻ കിറ്റുകൾ വിതരണം ചെയ്തത്. ഇത്തവണ രണ്ടുപ്രാവശ്യം ടെൻഡർ വിളിച്ചിട്ടും കരാറെടുക്കാൻ പഴയ കമ്പനികൾ ഉൾപ്പെടെ ആരുമെത്തിയില്ല. 2024 ആഗസ്റ്റ് 27നും 2025 ഫെബ്രുവരി അഞ്ചിനുമാണ് ടെൻഡർ ക്ഷണിച്ചത്. ഈ മാസം രണ്ടിന് വീണ്ടും ഷോർട്ട് ടെൻഡർ ക്ഷണിച്ചു. 12ന് ടെൻഡർ ക്ലോസ് ചെയ്യും. അപ്പോഴും ആരുമെത്തിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് കെ.എം.എസ്.സി.എല്ലിന് ഒരു ധാരണയുമില്ല.
തിരക്ക് കൂടിയാൽ ആർ.ടി.പി.സി.ആർ പുറത്ത്
പനിബാധിതർക്കെല്ലാം ആന്റിജൻ പരിശോധന വേണ്ടിയിരുന്നിടത്ത് ഇപ്പോൾ ആർ.ടി.പി.സി.ആറാണ് ചെയ്യുന്നത്. തിരക്കേറുമ്പോൾ ആളുകൾ കൂടിയ നിരക്കുള്ള പുറത്തെ ലാബുകളെ ആശ്രയിക്കണം. സർക്കാർ ആശുപത്രികളിൽ കിടപ്പ് രോഗികൾക്ക് മാത്രമാണ് ഇപ്പോൾ ആർ.ടി.പി.സി.ആർ സൗജന്യമുള്ളത്.
* കൊവിഡ് സമയത്ത് ആന്റിജൻ ടെസ്റ്റിംഗ് കിറ്റ് വിതരണം ചെയ്തത്: എട്ട് കമ്പനികൾ
1. എസ്.ഡി ബയോസെൻസർ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്
2. മിറർ ഡയഗ്നോസ്റ്റിക്‌സ്
3. മൈലാബ് ഡിസ്‌കവറി
4. ഓസ്‌കർ മെഡി കെയർ
5. തബാഡിയ ഇന്റർനാഷണൽ
6. സിപ്ല
7. ഭോഗിലാൽ പ്രൈവറ്റ് ലിമിറ്റഡ്
8. ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസ്
ഇത്തവണത്തെ ഏകദേശ വില: കിറ്റൊന്നിന് 20 രൂപ
പഴയനിരക്ക്: കിറ്റൊന്നിന് 11 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |