ഇറാൻ - ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുക തന്നെയാണ്. വ്യോമാക്രമണം അതിരൂക്ഷമായിരിക്കുന്നു. തിങ്കളാഴ്ച രാത്രി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ മിസൈൽ ആക്രമണവും ഉണ്ടായി. ഇതിനു പിന്നാലെ ടെഹ്‌റാനിലെ മൂന്ന് ജില്ലകളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകിയതിനുശേഷം ഇസ്രയേൽ സേന വൻ ആക്രമണമാണ് നടത്തിയത്. ടെഹ്‌റാനിൽ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് തത്സമയ സംപ്രേഷണത്തിനിടെയും വ്യോമാക്രമണം ഉണ്ടായി. വീണ്ടും ആക്രമിക്കാൻ വെല്ലുവിളിച്ച് അവതാരകയായ സഹർ ഇമാമി സംപ്രേഷണം പുനരാരംഭിച്ചത് ലോക മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി. ടെഹ്‌റാൻ യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനു നേരെയുള്ള മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിസാരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ടെഹ്‌റാനിലെ വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദ്ദേശിച്ചിരിക്കുകയാണ്. കുവൈറ്റ് യുദ്ധസമയത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ വ്യോമമാർഗം രക്ഷിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇറാക്കിൽ ഭീകരർക്കെതിരെ നടന്ന ഏറ്റുമുട്ടലിനിടയിലും നഴ്‌സുമാർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ വ്യോമമാർഗം രക്ഷിച്ചിരുന്നു. എന്നാൽ ഇറാൻ വ്യോമമാർഗം അടച്ചതോടെ കരമാർഗം മാത്രമേ ഇന്ത്യൻ വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനാവൂ. ഇത് കൂടുതൽ സമയമെടുക്കുന്നതും അപകടസാദ്ധ്യതകൾ ഉള്ളതുമാണെങ്കിലും അതിനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ വിദേശ മന്ത്രാലയം ആരംഭിക്കണം. ഇറാനിലെ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്.
ഇന്ത്യക്കാർക്ക് അതിർത്തി വഴി അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിലേക്ക് കടക്കാൻ ഇറാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നാടുകളിൽ നിന്ന് വിമാനമാർഗം അവരെ ഇന്ത്യയിൽ എത്തിക്കാനും നടപടികൾ എടുക്കേണ്ടതാണ്. ഓരോ ദിവസം കഴിയുന്തോറും യുദ്ധത്തിന്റെ തീവ്രത കൂടിവരുന്നതിനാൽ എത്രയും പെട്ടെന്നുതന്നെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതാണ്. ഇറാനിലെ വിവിധ നഗരങ്ങളിലായി 1500-ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇസ്രയേലിന്റെ ആക്രമണ ഭീതിയിൽ നിന്ന് രക്ഷ തേടി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കുടുംബസമേതം ഭൂഗർഭ ബങ്കറിൽ ഒളിച്ചതായി പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെഹ്‌റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേലും, ടെൽ അവീവിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇറാനും ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇരു രാജ്യത്തെയും ജനങ്ങളാണ് അങ്കലാപ്പിലായിരിക്കുന്നത്.
ടെഹ്റാന്റെ ആകാശം മുഴുവൻ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺഡോമിനെ വീണ്ടും വെട്ടിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ടെൽ അവീവ്, ഹൈഫ, പെറ്റ ടിക്കാവ തുടങ്ങിയ സ്ഥലങ്ങളിൽ പതിച്ചുണ്ടായ സ്‌ഫോടനങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേല്ക്കുകയും ചെയ്തതായി ആദ്യ റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനു ശേഷമാണ് ഇസ്രയേൽ ടെഹ്‌റാനിൽ വ്യോമാക്രമണം കടുപ്പിച്ചത്. യുദ്ധത്തിന് വിരാമമിടാൻ കഴിവുള്ള ഇടപെടൽ നടത്തേണ്ട രാജ്യമായ അമേരിക്ക ഒളിച്ചുകളി തുടരുകയാണ്. അമേരിക്കയുമായും ഇസ്രയേലുമായും ഇറാനുമായും നല്ല ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്ക് ഈ ഏറ്റുമുട്ടൽ അവസാനമില്ലാതെ തുടരുന്നത് ഒഴിവാക്കാൻ സാരമായ ഇടപെടലുകൾ നടത്താവുന്നതാണ്. യുദ്ധം തുടർന്നാൽ അതിന്റെ തിക്താനുഭവം പ്രത്യക്ഷമായല്ലെങ്കിലും പെട്രോളിന്റെയും ഗ്യാസിന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റത്തിലൂടെയും മറ്റും ഇന്ത്യയിലെ സാധാരണ ജനങ്ങളും അനുഭവിക്കേണ്ടിവരും. അതിനാൽ എത്രയും വേഗം യുദ്ധം അവസാനിക്കുന്നതാണ് ലോകത്തിന് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |