ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ ബംഗ്ലാദേശിന് മികച്ച തുടക്കം. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, വെറ്ററന്‍ ബാറ്റര്‍ മുഷ്ഫിഖ്വര്‍ റഹീം എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ 136*(260), മുഷ്ഫിഖ്വര്‍ റഹീം 105*(186) എന്നിവരാണ് ക്രീസില്‍. രണ്ടാം ദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടത്തുയര്‍ത്താന്‍ ലക്ഷ്യമിട്ടാകും ബംഗ്ലാ കടുവകള്‍ ഇറങ്ങുക.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകരുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ വെറും അഞ്ച് റണ്‍സില്‍ എത്തിയപ്പോള്‍ ഓപ്പണര്‍ അനാമുല്‍ ഹഖിന്റെ വിക്കറ്റ് 0(10) നഷ്ടമായി. അസിത ഫെര്‍ണാന്‍ഡോയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് സമ്മാനിച്ചാണ് ഹഖ് മടങ്ങിയത്. സ്‌കോര്‍ 39ല്‍ എത്തിയപ്പോള്‍ സഹ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം 14(53) റണ്‍സ് നേടി പുറത്തായി. തരിന്ദു രത്‌നായകെയുടെ പന്തില്‍ ധനഞ്ജയ ഡിസില്‍വയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. മുന്‍ നായകന്‍ മൊമിനുല്‍ ഹഖ് 29(33) റണ്‍സ് നേടി മടങ്ങി.
45ന് മൂന്ന് എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശിന് ഒന്നാം ദിനം മേല്‍ക്കൈ സമ്മാനിച്ച ഷാന്റോ - റഹീം കൂട്ടുകെട്ട് പിറന്നത്. ഇതുവരെ 247 റണ്‍സാണ് സഖ്യം നാലാം വിക്കറ്റില്‍ അടിച്ചെടുത്തത്. 14 ബൗണ്ടറികളും ഒരു സിക്‌സും നായകന്റെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ അഞ്ച് ബൗണ്ടറികളാണ് റഹീം നേടിയത്. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ മത്സരം, ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസിന്റെ അവസാന ടെസ്റ്റ് മത്സരം എന്ന പ്രത്യേകതകളുമുണ്ട് ശ്രീലങ്ക - ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ആകെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |