ചെറുവത്തൂർ:കനത്ത മഴയിൽ ചെറുവത്തൂർ കുളങ്ങാട്ട് മലയിലെ വനഭൂമി രണ്ടായി പിളർന്നു. നെല്ലിക്കാൽ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നായി മുകളിലോട്ടാണ് പിളർന്നത്. വന ഭൂമി കൂടുതലായി പിളർന്ന് വരികയും അപകട ഭീഷണി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ മലയുടെ സമീപത്തെ ഉന്നതിയിൽ താമസിക്കുന്ന 40 പേരെ കാടങ്കോട് സ്‌കൂളിലേക്ക് മാറ്റി.
വിള്ളലുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിർദ്ദേശം നൽകി. വിവരം അറിഞ്ഞ ഉടൻ ഹോസ്ദുർഗ് തഹസിൽദാർ , ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ കളക്ടറും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിൽ 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകി . എം രാജഗോപാലൻ എം.എൽ.എ , ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അടക്കമുള്ള ജനപ്രതിനിധികളും കുളങ്ങാട്ട് അമ്പലം ഭാരവാഹികളും സ്ഥലം സന്ദർശിച്ചു.
ജില്ലാ കളക്ടറും ഹോസ്ദുർഗ് തഹസിൽദാറും ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥരും എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |