പാലക്കാട്: പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നു 25 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. ഒൻപതംഗ സംഘത്തിലെ നാല് പേരെയാണ് പാലക്കാട് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിലെ നിരവധി കവർച്ചാ കേസുകളിൽ പ്രതികളായ ഇരട്ടക്കുളം സ്വദേശി അജേഷ്, പൊൽപുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം, രാജീവ് കൊടുമ്പ് എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ പ്രധാനികൾക്കായി അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂർ പോത്തന്നൂരിൽ നിന്നാണ് പട്ടാമ്പി സ്വദേശികളായ വ്യാപാരികൾ കണ്ണൂർ പാസഞ്ചർ ട്രെയിൻ കയറിയത്. വ്യാപാര ആവശ്യങ്ങൾക്കായി സ്വർണം വിറ്റ് മടങ്ങുംവഴി, ട്രെയിൻ വാളയാറെത്തിയപ്പോഴാണ് കാക്കി പാന്റ്സ് ധരിച്ച അഞ്ചംഗസംഘം ഇരുവർക്കും അരികിലെത്തിയത്. പൊലിസാണെന്ന് പറഞ്ഞ് ബാഗ് പരിശോധിച്ചു. പണമുണ്ടെന്ന് ഉറപ്പുവരുത്തി. കഞ്ചിക്കോടെത്തിയപ്പോൾ ഇരുവരേയും ട്രെയിനിൽ നിന്നും പിടിച്ചിറക്കി. സ്റ്റേഷന് പുറത്ത് കാത്തുനിന്ന നാലംഗസംഘത്തോടൊപ്പം ഇന്നോവ കാറിൽ കയറ്റി. പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയിൽ ഇറക്കിവിടുകയായിരുന്നു. ഇരുവരും വാളയാർ പൊലീസിൽ വിവരമറിയിച്ചതോടെ വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. അർദ്ധ രാത്രിയോടെയാണ് നാലുപേരെ കസ്റ്റഡിയിൽ എടുത്തത്. പോതനൂരിലെ സ്വർണവ്യാപാരകേന്ദ്രം മുതൽ പിന്തുടർന്നെത്തിയ ശേഷം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |