11അംഗങ്ങളുള്ള യുഡിഎഫിന് 13വോട്ട്
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധി തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് ജയം. പേരൂർക്കട ലാ അക്കാഡമിയിലെ അവസാന വർഷ എൽ.എൽ.ബി വിദ്യാർത്ഥിയും എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ വൈഭവ് ചാക്കോ 56 വോട്ട് നേടിയാണ് വിജയിച്ചത്. കെ.എസ്.യു സ്ഥാനാർത്ഥിയായിരുന്ന ലാ അക്കാഡമിയിലെ മുഹമ്മദ് ഷിനാസ് ബാബുവിന് 13 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ 16 സെനറ്റംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി.
ചാൻസലർ നോമിനേറ്റ് ചെയ്ത സംരംഭകൻ വോട്ടുചെയ്തു. സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത വിദ്യാർത്ഥി പ്രതിനിധിയായ എ.ബി.വി.പി സ്ഥാനാർത്ഥിയുടെ പട്ടിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. ഇതുസംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവുണ്ടായ ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക.
യു.ഡി.എഫിന്റെ 11സെനറ്റംഗങ്ങളാണ് യോഗത്തിലുണ്ടായിരുന്നത്. അവരുടെ സ്ഥാനാർത്ഥിക്ക് 13 വോട്ട് കിട്ടിയത് കൗതുകമായി. എം.വിൻസെന്റ് എം.എൽ.എ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിലായതിനാൽ പങ്കെടുത്തില്ല. രണ്ടു വർഷത്തിനു ശേഷമാണ് സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. എസ്.എഫ്.ഐയുടെ വിജയാഹ്ലാദ പ്രകടനം സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |