തിരുവനന്തപുരം: വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ഉത്പാദന മേഖലയിൽ ഇന്ത്യ ചെെനയെ മറികടക്കണമെന്ന് ദേശീയ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്തനാഗേശ്വരൻ പറഞ്ഞു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഗോള സാമ്പത്തിക സ്ഥിതിയും ഇന്ത്യയുടെ സാദ്ധ്യതകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊവിഡ്,യുക്രയിൻ യുദ്ധം,മദ്ധ്യേഷ്യയിലെ യുദ്ധസാഹചര്യം എന്നിവയിലൂടെ അനിശ്ചിതമായ സാമ്പത്തിക സാഹചര്യമാണ് ലോകത്തുള്ളത്. വികസിത രാജ്യമാകാൻ പ്രതിശീർഷ വരുമാനം 11600 ഡോളർ കൈവരിക്കണം. നിലവിൽ 2600 ഡോളറാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം. 2030-31ൽ 6300 ഡോളറിലെത്തി ഇടത്തരം വികസിത രാജ്യമെന്ന പദവി കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസിത ഭാരതത്തിലേക്ക് ഇന്ത്യ നമ്മുടെ കൺമുന്നിലൂടെ വളരുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 2014 വരെയുള്ള കാലയളവിൽ കൈവരിച്ച വികസന സൂചകങ്ങളുടെ ഇരട്ടിയാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ ആരോഗ്യം,വിദ്യാഭ്യാസം,അടിസ്ഥാന സൗകര്യവികസനം,തൊഴിൽ,റെയിൽ,റോഡ്,തുറമുഖം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ചത്.
ഇന്ത്യ ഉത്പാദനത്തിൽ ഏറെ മുന്നേറിയെങ്കിലും ഇപ്പോഴും രാജ്യത്തിന്റെ ഉത്പാദനത്തിൽ 61%ഉം ആഭ്യന്തര ഉപഭോഗമാണ്. ചെെനയ്ക്ക് മേൽ അമേരിക്ക അധിക ചുങ്കം ഏർപ്പെടുത്തിയ സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലഘടകമാണ്. അതിന്റെ ഫലപ്രദമായ വിനിയോഗത്തിന് നൈപുണ്യവികസനം,എം.എസ്.എം.ഇ മേഖലകളിൽ വളർച്ചാ സാഹചര്യമുണ്ടാകണം. സ്വകാര്യ വ്യവസായമേഖലയുടെ വികസനത്തിന് നിലവിലെ നിയമങ്ങൾ പൊളിച്ചെഴുതേണ്ടതുണ്ട്. വികസനത്തെ സർക്കാർ ബഡ്ജറ്റിന്റെ ആശ്രിതത്വത്തിൽ നിന്ന് വിമുക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർ ആർ.വി.ആർലേക്കർ അദ്ധ്യക്ഷത വഹിച്ചു. ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്ര ദതാവത് സ്വാഗതം പറഞ്ഞു.
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന
തിരുവനന്തപുരം:രാജ്ഭവനിലെ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലും ഇന്നലെ രാജ്ഭവൻ ഒാഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിലും ഭാരതാംബയുടെ ചിത്രം സജീവസാന്നിദ്ധ്യമായി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരനും വിളക്കു കൊളുത്തിയ ശേഷം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗവർണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധൊദാവതും പുഷ്പാർച്ചനയിൽ പങ്കാളിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |