കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ടാസ്‌ക് തട്ടിപ്പിലൂടെ 40 വയസുകാരിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് എട്ട് ലക്ഷം. വീട്ടമ്മയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലിനും പത്തിനും ഇടയിലായിരുന്നു തട്ടിപ്പ്. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
സീൻ: 1
ഓൺലൈൻ വിപണന കമ്പനിയായ 'മീഷോ'യിൽ ഓൺലൈൻ ജോലി ഒഴിവുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് എറണാകുളം സ്വദേശിനി തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. ഉടൻതന്നെ ഇവരെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ടെലിഗ്രാം ഗ്രൂപ്പിലും അംഗമാക്കി. മാസം 30,000 രൂപ മുതൽ വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ ഇവർ വീഴുകയായിരുന്നു. കൈമാറുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് നിശ്ചിത തുക വാഗ്ദാനം ചെയ്തു. ആദ്യമെല്ലാം കുറച്ച് തുക വീട്ടമ്മയ്ക്ക് ലഭിച്ചിരുന്നു.
സീൻ: 2
നിശ്ചിത പണം നൽകിയാൽ കൂടുതൽ ലിങ്കുകൾ കൈമാറാമെന്ന് വിശ്വസിപ്പിച്ച് ആദ്യം രണ്ട് ലക്ഷം രൂപയും പിന്നീട് ആറ് ലക്ഷം രൂപയും തട്ടിപ്പുകാർ കൈക്കലാക്കി. പണം തട്ടിയടുത്തതോടെ ലിങ്കുകൾ നൽകാതെയായി. അതുവരെ ലഭിച്ച പണവും കിട്ടാതായതോടെയാണ് 40 വയസുകാരി പൊലീസിനെ സമീപിച്ചത്.
സീൻ: 3
കൈക്കലാക്കുന്ന പണം ഞൊടിയിടയിൽ പത്തും ഇരുപതും അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഐ.പി. മേൽവിലാസം കേന്ദ്രീകരിച്ച് അന്വേഷണം പലപ്പോഴും എവിടെയുമെത്താറില്ല. ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബീഹാർ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളുമായാണ് ഐ.പി മേൽവിലാസങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നത്.
തട്ടിപ്പുകൾ പലവിധം
മെസേജിന് മറുപടി നൽകുന്നതോടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാൻ നിർദ്ദേശിക്കും
ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും റിവ്യൂ നൽകി, സ്‌ക്രീൻഷോട്ട് പങ്കുവയ്പ്പിക്കും
ഒരു റിവ്യുവിന് 50 പൈസ, ഒരു രൂപവീതം നിരക്കിൽ അക്കൗണ്ടിലേക്ക് നൽകും
സിനിമകൾക്കും സീരിയലുകൾക്കും റിവ്യു നൽകി തട്ടിപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും
ഈ ടാസ്‌കിൽ പണം നൽകില്ല. പകരം വ്യാജരേഖ കൈമാറി പണമയച്ചതായി കാട്ടും
അക്കൗണ്ടിലേക്ക് അയച്ച പണം വീണ്ടും ലഭിക്കാൻ നിശ്ചിതതുക നൽകാൻ ആവശ്യപ്പെടും
പണം കൈമാറി വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്
കമ്പനിയിൽ പണം നക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |