ആലപ്പുഴ: അനുഭവക്കുറിപ്പുകൾ പ്രമേയമാക്കി "ഗൗരിത്തം" എന്ന പുസ്തകം എഴുതിയ ഗൗരിക്കുട്ടി എന്ന ഭവികാലക്ഷ്മി തന്റെ പുസ്തകങ്ങൾ വിവിധ സ്കൂൾ ലൈബ്രറികൾക്ക് സമ്മാനമായി നൽകും. ലോക വായനാദിനത്തോടനുബന്ധിച്ചാണ് താമരക്കുളം വി.വി.എച്ച്.എസിലെ അഞ്ചാം ക്ലാസുകാരി ഭവികാലക്ഷ്മി പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചത്.
സ്വദേശമായ ശാസ്താംകോട്ട സബ് ജില്ലയിലെ സ്‌കൂളുകൾക്കും, പഠനം നടത്തുന്ന കായംകുളം സബ് ജില്ലയിലെ എൽ.പി സ്കൂൾ ഒഴികെയുള്ള സ്‌കൂളുകൾക്കുമാണ് പുസ്തകം സമ്മാനിക്കുക. പുസ്തകങ്ങളുടെ വിതരണം രണ്ട് സബ് ജില്ലകളിലെയും വിവിധ സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പുസ്തകം ഏറ്റുവാങ്ങും.
പ്രൈമറി സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങളാണ് 'ഗൗരിത്ത'ത്തിന്റെ ഇതിവൃത്തം. കൊല്ലം ശൂരനാട് നടുവിൽ എൽ.പി.എസിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടാം ക്ലാസിലെ പഠനയാത്ര റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എഫ്.ബി പേജിൽ ഷെയർ ചെയ്തതോടെയാണ് ഭവികയ്ക്ക് വീണ്ടും എഴുതണമെന്ന താല്പര്യമുണ്ടായത്. മറ്റ് കുട്ടികൾക്ക് പ്രചോദനമാകുന്നതിനാണ് തന്റെ പുസ്തകം കൂട്ടുകാർക്ക് സമ്മാനമായി നൽകാൻ തീരുമാനിച്ചതെന്ന് ഭവിക പറഞ്ഞു. പ്രസംഗത്തിലും കവിതാലാപനത്തിലും മികവ് തെളിയിച്ചിട്ടുള്ള ഭവിക ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ജെ.സി.ഐ ഇന്ത്യയുടെ യംഗ് ടാലെന്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ
നേടിയിട്ടുണ്ട്. ദാവീദ് എന്ന സിനിമയിൽ അഭിനയിച്ചു. താമരക്കുളം സ്കൂളിലെ അദ്ധ്യാപകനായ എൽ.സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകളാണ്. വിദ്യാർത്ഥിയായ ഭവിൻ സുഗതൻ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |