തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിയെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടി. രാജസ്ഥാൻ അജ്‌മീർ കാഞ്ചഗട്ട് സ്വദേശി കമലേഷ് (19)ആണ് പിടിയിലായത്. കൈതപ്രം സ്വദേശി കുഞ്ഞിരാമന്റെ 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്. കണ്ണൂർ റൂറൽ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിർദേശപ്രകാരം അഡീ.എസ്.പി. കെ. ഷാജിയുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ പലയിടങ്ങൾ കേന്ദ്രീകരിച്ച് പത്ത് ദിവസം കണ്ണൂർ റൂറൽ സൈബർ എസ്.ഐ സൈബു കുമാറിനും സംഘവും നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യം 1000 രൂപ നിക്ഷേപിച്ചാൽ അതിന്റെ ലാഭവിഹിതം കൃത്യമായി നൽകും. തുടർന്ന് വൻ തുക നിക്ഷേപിക്കുന്നതോടെയാണ് തട്ടിയെടുക്കുന്നത്. കുഞ്ഞിരാമന്റെ പരാ തിയിൽ കേസെടുത്ത് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഡിസംബർ ആറിന് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന്റെ വിവരം ലഭിച്ചു. ഈ പണം എത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ ണത്തിൽ കമലേഷിന്റെ വീട് കണ്ടെത്തി. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നിരന്തരം നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലായ കമലേഷിനെ പരിയാരത്തെത്തിച്ച് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. എ.എസ്.ഐ മുഹമ്മദ് റഷീദ്, സീനിയർ സി.പി.ഒ പി.പി.സിയാദ്, സി.പി.ഒ ദിൽജിത്ത് എന്നിവർ രാജസ്ഥാനിൽ നിന്ന് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പരിയാരം എസ്.ഐ സനിത്ത്, സി.പി.ഒ സൗമ്യ എന്നിവരും അന്വേഷണത്തിൽ സഹായിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |