കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതു ഉപയോഗത്തിനുള്ളതല്ലെന്ന് ഹൈക്കോടതി. എല്ലാവർക്കും തുറന്നു നൽകണമെന്ന് സർക്കാരിന് നിർബന്ധിക്കാനുമാകില്ല. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഇടക്കാല ഉത്തരവ്.
പമ്പുകളിലേത് പൊതു ടോയ്ലെറ്റുകളാണെന്ന് ബോർഡുവച്ച അധികൃതരുടെ നടപടിക്കെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജിയിലാണ് നടപടി.
പമ്പുകളിലുള്ളത് സ്വകാര്യ ടോയ്ലെറ്റുകളാണെന്ന് ഹർജിക്കാർ വാദിച്ചു. പെട്രോളും ഡീസലും അടിക്കാൻ എത്തുന്നവർ അടിയന്തര സന്ദർഭത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇത് പൊതു ടോയ്ലെറ്റാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണ്. ഒട്ടേറെപ്പേർ പമ്പുകളിൽ കയറിയിറങ്ങുന്നത് എക്സ്‌പ്ലോസീവ്സ് വിഭാഗം നിഷ്കർഷിക്കുന്ന സുരക്ഷാ പ്രോട്ടോകോളിന് എതിരാണ്. ടോയ്ലെറ്റ് തുറന്നു നൽകാത്തതിന്റെ പേരിൽ തർക്കങ്ങളും ഉണ്ടാകുന്നു. പൊതുജനത്തിന് തുറന്നുനൽകാൻ നിയമമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
സ്വച്ഛ് ഭാരത് പ്രകാരം
പൊതു ടോയ്ലെറ്റ്
സ്വച്ഛ് ഭാരത് മിഷൻ മാർഗനിർദ്ദേശങ്ങൾ ഹാജരാക്കിയായിരുന്നു സർക്കാരിന്റെ വാദം. ഇതുസംബന്ധിച്ച നഗര നയത്തിൽ പമ്പുകളിലേത് പൊതു ടോയ്ലെറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. വിശദവാദത്തിന് ഹർജികൾ ജൂലായ് 17ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |