കണ്ണൂർ: രണ്ടാഴ്ച മുൻപ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. തമിഴ്‌നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ് കുട്ടി. മേയ് 31ന് പയ്യാമ്പലത്ത് എസ് എൻ പാർക്കിന് സമീപത്ത് വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്തിയിരുന്നുവെന്ന് കുടുംബം അറിയിച്ചു. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാൻ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
അതേസമയം, കണ്ണൂർ നഗരത്തിൽ ഇന്നലെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇന്നലെ രാവിലെ ആറോടെയായിരുന്നു ഭിന്നശേഷിക്കാരനുൾപ്പെടെ 21 പേരെ തെരുവുനായ കടിച്ചത്. താവക്കര ബസ് സ്റ്റാൻഡ് പരിസരം, എസ്.ബി.ഐ, പ്രഭാത് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മാത്രം 11 പേർക്ക് കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെയ്പ്പെടുത്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എൺപതോളം പേരെയാണ് കണ്ണൂർ നഗരത്തിൽ മാത്രം തെരുവുനായ കടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയും വൈകീട്ടുമാണ് തെരുവുനായകൾ അക്രമാസക്തരായത്. വൈകിട്ട് ആക്രമണം നടത്തിയ നായയെ പിന്നീട് താവക്കര ബസ് സ്റ്റാന്റിൽ ചത്തനിലയിൽ കണ്ടെത്തിയെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വാദം. എന്നാൽ അന്നേ ദിവസം രാവിലെ ആളുകളെ കടിച്ച നായയെ കുറിച്ച് വിവരമൊന്നുമില്ല. ഈ നായയെ കണ്ടെത്തുന്നതിന് വേണ്ടി കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയില്ല. ഈ നായയുടെ ഫോട്ടോയുമായാണ് കോർപറേഷൻ തിരച്ചിൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |