ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്ന ഓരോരുത്തർക്കും അവിടെ നിറയെ മഞ്ചാടിക്കുരു കാണാം. കുഞ്ഞിക്കൈകൾ കൊണ്ട് മഞ്ചാടി വാരി കളിക്കുന്ന കുരുന്നുകളുടെ കാഴ്‌ച ഏവർക്കും സന്തോഷം നൽകുന്നതാണ്. കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം അത്രത്തോളമുണ്ടെന്നും നമുക്ക് കാണാനാകും. ഇങ്ങനെ മഞ്ചാടി വാരിയിടുന്നതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.
ഒരിക്കൽ ഒരു മുത്തശി ഗുരുവായൂരപ്പനെ കാണാൻ പുറപ്പെട്ടു. കണ്ണന് കൊടുക്കാൻ ആ പാവം സ്‌ത്രീയുടെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. മുറ്റത്ത് നിന്ന മഞ്ചാടി മരത്തിൽ നിന്നും അൽപ്പം മഞ്ചാടി ശേഖരിച്ച് കണ്ണന് കൊടുക്കാൻ അവർ കൊണ്ടുപോയി. എന്നാൽ, തിക്കിലും തിരക്കിലും പെട്ട് മുത്തശിയുടെ കയ്യിൽ നിന്നും മഞ്ചാടിയെല്ലാം പോയി. ഏറെ സങ്കടം തോന്നിയ മുത്തശി നിറകണ്ണുകളോടെ നിന്നു.
മറ്റാരും ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവരവർ കൊണ്ടുവന്നത് സമർപ്പിക്കനുള്ള തിരക്കിലായിരുന്നു. ഈ സമയം ശ്രീലകത്ത് നിന്നും പുറത്തിറങ്ങിയ കണ്ണൻ താഴെ ഇരുന്ന് തന്റെ കുഞ്ഞിക്കൈ കൊണ്ട് ഓരോ മഞ്ചാടിമണികളും പെറുക്കിയെടുക്കാൻ തുടങ്ങി. ഇത് മുത്തശിയല്ലാതെ മറ്റാരും കണ്ടില്ല. പിന്നീട് ആ മുത്തശി സ്ഥിരം വന്ന് കണ്ണന് മഞ്ചാടി സമർപ്പിക്കാൻ തുടങ്ങിയെന്നാണ് വിശ്വാസം. ഇങ്ങനെയാണ് ക്ഷേത്രത്തിൽ മഞ്ചാടി വാരിയിടൽ ചടങ്ങ് ആരംഭിച്ചതെന്നാണ് ഐതീഹ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |