അഹമ്മദാബാദ്: ജൂൺ 12നുണ്ടായ എയർ ഇന്ത്യ വിമാനാപകടം രാജ്യത്തെ തന്നെ ഞെട്ടിച്ചതായിരുന്നു. വിമാനം ഇടിച്ചിറങ്ങിയത് എംബിബിഎസ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. അപകടത്തിൽ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഇപ്പോഴിതാ ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറയുകയാണ് ബിജെ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി കേശവ് ഭദാന. വിമാനാപകടം ഉണ്ടായപ്പോൾ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം നടത്തുകയാണെന്നാണ് കേശവ് കരുതിയത്. അപകടത്തിൽ കേശവിന്റെ കൈക്കും കാലുകൾക്കും തലയ്‌ക്കും പരിക്കേറ്റിരുന്നു.
'ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനുള്ള സമയമായിരുന്നു. ഏകദേശം 1.30. ഞാൻ സുഹൃത്തുക്കൾക്കൊപ്പം മെസ്സിലിരുന്ന് കഴിക്കുകയായിരുന്നു. പെട്ടെന്ന് കെട്ടിടത്തിന്റെ ചുവരുകളും മേൽക്കൂരയും ഇടിഞ്ഞ് വീഴാൻ തുടങ്ങി. ഒരു പൊടിക്കാറ്റ് പോലെയാണ് അദ്യം തോന്നിയത്. പിന്നെ ഭൂകമ്പമായിരിക്കുമെന്ന് കരുതി. പിന്നെ ഞാൻ കരുതിയത് പാകിസ്ഥാൻ മിസൈൽ ഉപയോഗിച്ച് ആക്രമിക്കുന്നതാകാം എന്നാണ്. ഭയന്ന് ഞാൻ മുഖം പൊത്തി. എന്നാൽ, മുഖത്ത് നിന്ന് കൈ മാറ്റിയപ്പോൾ കണ്ടത് സ്യൂട്ട്‌കേസുകൾ ഒന്നിച്ച് പതിക്കുന്നതാണ്. അപ്പോഴാണ് അതൊരു വിമാനാപകടമാണെന്ന് മനസിലായത്.
ആ സമയത്ത് 50 വിദ്യാർത്ഥികൾ ഒന്നാം നിലയിൽ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. എന്റെ മേശയിൽ ആറ് സുഹൃത്തുക്കളുണ്ടായിരുന്നു. അവരിൽ നാലുപേരും മരിച്ചു. എല്ലായിടത്തും കറുത്ത പുകയും നിലവിളിയും ആയിരുന്നു. ഒന്നും കാണാൻ പറ്റിയില്ല. മെസ്സിലെ സിലിണ്ടറുകളും പൊട്ടിത്തെറിക്കാൻ തുടങ്ങി' - കേശവ് ഭദാന പറഞ്ഞു.
എയർ ഇന്ത്യ 171 ബോയിംഗ് ഡ്രീംലൈനർ 787 -8 വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ എല്ലാവരും മരിച്ചിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 274 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |