ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിൽ ശിവഗിരിയിൽവച്ചു നടന്ന സമാഗമം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. മഹാത്മജിയുടെയും ഭാരതത്തിന്റെയും ചരിത്രത്തിൽ പരിവർത്തനത്തിന്റെ വലിയ അലകൾ സൃഷ്ടിച്ചതാണ് ആ കൂടിക്കാഴ്ച. 'സ്വാമി തൃപ്പാദങ്ങളുടെ സന്ദേശങ്ങൾ എന്നിൽ വലിയ സ്വാധീനം ചെലുത്തി"യെന്ന് ഗാന്ധിജി പിന്നീട് പറയുകയുണ്ടായി. ശിവഗിരിയിൽ വന്ന ഗാന്ധിയല്ല, മടങ്ങിപ്പോയ ഗാന്ധി"യെന്ന് ദൃക്‌സാക്ഷിയും മുൻമുഖ്യമന്ത്രിയും സ്വതന്ത്രചിന്തകനുമായ സി. കേശവൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യദർശിയായ ഗുരുവും സത്യാന്വേഷകനായ ഗാന്ധിയും തമ്മിൽ നടന്ന ആ കൂടിക്കാഴ്ചയുടെ ശതാബ്ദി രാജ്യത്തിനകത്തും പുറത്തുമായി അനുസ്മരിച്ചുവരികയാണ്.
ഡൽഹി വിജ്ഞാൻഭവൻ ഹാളിൽ ജൂൺ 24-നു നടക്കുന്ന ശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടകൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ശ്രീനാരായണ ഗുരുവിനെ ഇന്ത്യയുടെ ആത്മചൈതന്യമായി ദർശിക്കുന്ന പ്രധാനമന്ത്രി മോദിജിയുടെ, രണ്ടു മഹാത്മാക്കളെയും തമ്മിൽ സമന്വയിപ്പിച്ചുകൊണ്ടുള്ള അഭിമതം ചരിത്രത്തിന് പുതിയ ദിശാബോധം നൽകുമെന്നതിൽ പക്ഷാന്തരമില്ല. 24-ന് രാവിലെ 9 മുതൽ വൈകുന്നേരം വരെ ഡൽഹിയിലെ വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ശിവഗിരി മഠം ഒരുക്കുന്ന ഈ വിജ്ഞാനസദസിലേക്ക് ഏവരെയും സാദരം ക്ഷണിക്കുകയാണ്. 2007-ൽ ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിജ്ഞാൻ ഭവൻ ഹാളിൽ ശിവഗിരി മഠം ഒരുക്കിയ ലോക മതപാർലമെന്റ് ചരിത്രസംഭവമായിരുന്നു.
ദർശനത്തിന്റെ
പ്രായോഗികത
ശ്രീനാരായണ ഗുരുദേവൻ മഹാനായ ദീർഘദർശിയായിരുന്നു. കാലാതീതമായ ദർശനമാണ് ഗുരു ലോകത്തിന് പകർന്നു നൽകിയത്. മനുഷ്യരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളായ ജാതി, മതം, ദൈവം, ദേശം എന്നിവയിൽ ഏകത്വം ദർശിച്ച് 'പൊരുതുജയിപ്പത് അസാദ്ധ്യം" എന്ന് ഗുരുദേവൻ സിദ്ധാന്തിക്കുന്നു. ഒന്ന് മറ്റൊന്നിനെ പൊരുതി തോൽപ്പിക്കുവാൻ സാധിക്കുകയില്ല. ഇസ്രയേൽ- ഇറാൻ യുദ്ധവും, പശ്ചിമേഷ്യൻ പ്രശ്നങ്ങളും എല്ലാം പരിഹരിക്കുവാൻ മനുഷ്യത്വ ദർശനം ആവശ്യമാണ്. മതം പ്രശ്നപരിഹാരിയാവില്ല; യുദ്ധവും. അപരത്വമില്ലാത്ത ഗുരുദേവന്റെ ഏകത്വ ദർശനത്തിന്റെ പ്രായോഗികതയാണ് ആവശ്യം. ജാതി- ചാതുർവർണ്യവ്യവസ്ഥയ്ക്കു പുറത്തുള്ള ആത്മസാഹോദര്യത്തെക്കുറിച്ച് ഗുരുദേവൻ ഗാന്ധിജിയുമായി സംവദിക്കുന്നുണ്ട്. അത് ഇന്നിന്റെയും നാളെയുടെയും ദർശനമാണ്.
മനുഷ്യരെല്ലാം ഒരു ജാതി എന്ന ഗുരുദർശനം മഹാത്മജിക്ക് ആദ്യമാദ്യം സ്വീകാര്യമായില്ല. ശാരദാ മഠത്തിനു സമീപം നിന്ന മാവ് ചൂണ്ടിക്കാണിച്ച്, ഇതിലെ ശാഖകളും ഉപശാഖകളും ഇലകളും തമ്മിലും കാണുന്നത് പ്രകൃത്യാ വ്യത്യാസമാണെന്നും, അതുപോലെ മനുഷ്യരിലും വ്യത്യാസമുണ്ടെന്നും ഗാന്ധിജി സമർത്ഥിക്കാൻ ഒരുങ്ങിയത് പ്രസിദ്ധമാണ്. അതിന്, മാവിന്റെ രസം ഏകമാണെന്നും അതുപോലെ മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നും ഗുരുദേവൻ പ്രതിവചിച്ചതും കൂടുതൽ ചർച്ചയായിട്ടുള്ളതാണ്. പല പല വിശ്വാസങ്ങൾ ഉള്ളതുകൊണ്ട് ഒരു മതം എന്ന ഗുരു സിദ്ധാന്തവും ഗാന്ധിജിക്ക് സ്വീകാര്യമായില്ല. 'മതവിഷയത്തിൽ സ്വാമിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന്" ഗാന്ധിജി തുറന്നുപറഞ്ഞു. 'മതവിഷയത്തിൽ മഹാത്മാ ഗാന്ധിയുമായി ഒരു വ്യവഹാരത്തിന് നാമില്ല" എന്നാണ് അതിന് ഗുരു മറുപടി പറഞ്ഞത്.
ഗാന്ധിജിയുടെ
രാമരാജ്യം
ഗുരുവിന്റെ തത്ത്വദർശനം 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്," 'മാനവരൊക്കെയും ഒന്ന്, അതാണ് നമ്മുടെ മതം" എന്ന ഏകലോക വ്യവസ്ഥയിൽ അധിഷ്ഠിതമാണ്. ഗാന്ധിജി അവസാനകാലത്ത് ഈ ദർശനത്തിൽ എത്തിച്ചേരുന്നുവെങ്കിലും ജീവിതകാലം ഒരു സനാതന ഹിന്ദുവായിത്തന്നെ ജീവിതം നയിച്ചു. ഭാരതത്തെ ഒരു രാമരാജ്യമായി ഗാന്ധിജി വിഭാവനം ചെയ്തു. ഗാന്ധിജിയുടെ ശ്രീരാമൻ രാമായണത്തിൽ പറയുന്ന പുരാണ പുണ്യപുരുഷൻ മാത്രമല്ല, മറിച്ച് ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും ഇസ്ലാമിന്റെയും മറ്റു മതവിശ്വാസങ്ങളുടെയും ഈശ്വര സങ്കൽപ്പങ്ങളുടെ ഒരു പൊതുനാമമാണ്.
പക്ഷേ ജനങ്ങൾക്ക് അത് പൂർണമായും മനസിലായില്ല. അവർ ഗാന്ധിജിയെ ഒരു സനാതന ഹിന്ദുവായും വൈഷ്ണവ മതത്തിന്റെ പ്രതീകമായും വിലയിരുത്തി. കടുത്ത ഇസ്ലാം മതവിശ്വാസികൾക്ക് ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സിദ്ധാന്തം മനസിലാക്കാനായില്ല. അവർ ഗാന്ധിജിയെ സംശയത്തോടെ വീക്ഷിച്ചു. ഇന്ത്യാ വിഭജനത്തിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണെന്നു കാണാം. അതുപോലെ, കടുത്ത ഹിന്ദുമത വിശ്വാസികൾ ഗാന്ധിജിയെ ഇസ്ലാംമത പക്ഷപാതിയായി വിലയിരുത്തി. ഇപ്രകാരം നോക്കുമ്പോൾ മഹാത്മജിയുടെ ജീവിതവും ദർശനവും തികച്ചും സങ്കീർണമായി തുടരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലും ഇത് കാണാനാവുന്നതാണ്. ജാതി വേണ്ട എന്ന് ശക്തമായ നിലപാടെടുത്ത ഗുരുവിനെ ജാതിയുടെ വക്താവായി കാണുന്നു. ഗുരുദേവൻ അവശജനവിഭാഗത്തെ കൈപിടിച്ചുയർത്തുവാൻ വന്ന അവതാര പുരുഷനായിരുന്നു. 'നമ്മെ ഒരവതാരമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് ജാതിഭേദത്തെ ഇല്ലായ്മ ചെയ്യാൻ വന്ന അവതാരം എന്നുകൂടി പറഞ്ഞുകൊള്ളണ"മെന്ന് ഗുരുദേവൻ അഭിപ്രായപ്പെട്ടിരുന്നു. ബാല്യകാലം മുതൽ ജാതിഭേദം അല്പം പോലും അംഗീകരിക്കാതെ സർവരെയും ഗുരുദേവൻ ആത്മഭാവത്തിൽ കണ്ടു. 'എല്ലാവരും ആത്മസഹോദരർ" എന്ന് ഗുരുദേവൻ സിദ്ധാന്തിച്ചു. 'ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത്" എന്ന് ഉപദേശിച്ചു.
അവർണരെ
സൃഷ്ടിച്ചതാര്?
ചാതുർവർണ്യം എന്നാൽ, സൃഷ്ടിക്കപ്പെട്ട ഗുണവും കർമ്മവുമാണ് അതിന് ആധാരം. എന്നെ അതിന്റെ കർത്താവായും അകർത്താവായും അറിഞ്ഞു കൊള്ളുക എന്ന് ഗീതാകാരൻ ഉപദേശിക്കുന്നു. ഗുരുദേവൻ ഈ വ്യവസ്ഥിതിയെ തള്ളിക്കളഞ്ഞു. ഗുണകർമ്മങ്ങൾ ഒരാളിലും സ്ഥിരമായി നിൽക്കുന്നില്ല; അതിനാൽ ചാതുർവർണ്യമില്ല എന്ന് ഗുരു പറഞ്ഞു. മഹാത്മാഗാന്ധി ചാതുർവർണ്യ വ്യവസ്ഥയെ അംഗീകരിച്ചിരുന്നു. എന്തെന്നാൽ അത് ഈശ്വരസൃഷ്ടമാണ്.
ശ്രീനാരായണ ഗുരു ഈ ചാതുർവർണ്യ വ്യവസ്ഥിതിക്കും താഴെയുള്ള അവർണ സമുദായമായ ഈഴവ കുലത്തിലാണ് ജനിച്ചത്. ബ്രാഹ്മണൻ ബ്രഹ്മാവിന്റെ മുഖത്തുനിന്നും, ക്ഷത്രിയൻ കൈകളിൽ നിന്നും, വൈശ്യൻ തുടയിൽ നിന്നും, ശൂദ്രൻ പാദത്തിൽ നിന്നുമുണ്ടായി എന്ന് പുരുഷസൂക്തം- വേദഭാഗം വായിച്ചപ്പോൾ ഗുരുദേവൻ ചോദിച്ചു: 'അതെങ്ങനെയാണ്? മരം പൊട്ടിമുളയ്ക്കുന്നതു പോലെയാണോ?" ചാതുർവർണ്യത്തിൽ ഉൾപ്പെടാത്ത അവർണരെ ആര് സൃഷ്ടിച്ചു എന്ന് ഗുരു ചോദിച്ചിട്ടുണ്ട്.
ഒരാളെ മനുഷ്യൻ എന്നു മാത്രമെ വിഭജിക്കാനാകൂ. മനുഷ്യനുള്ളത് ഒരു ജാതിയും ഒരു മതവും ദൈവവുമാണ്. അവരുടെയെല്ലാം ഉത്പത്തിസ്ഥാനം ഏകമാണ്. ഈ ഏകത്വ ദർശനമാണ് ഗുരുദേവനും ഗാന്ധിജിയും ചർച്ച ചെയ്തത്. ജൂൺ 24 ന് അതിന്റെ ശക്തമായ പരിചിന്തനം വിജ്ഞാൻഭവൻ ഹാളിൽ നടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം കൂടാതെ ശ്രീനാരായണ ഗുരുവും ലോകസമാധാനവും, ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ പരിണാമങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പഠനങ്ങളുണ്ടാകും. ഏകതയുടെ മഹിതമായ സന്ദേശം ലോകത്തിനു നൽകുന്നതാകട്ടെ, ഈ ശതാബ്ദി സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |