കൊച്ചി: കഴകം തസ്തികയിലേക്ക് തത്കാലം നിയമനം നടത്തില്ലെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ സമർപ്പിച്ച പത്രിക ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പിൻവലിക്കും. ഇക്കാര്യം ദേവസ്വം കോടതിയെ അറിയിച്ച സാഹചര്യത്തിൽ, തസ്തികയിലേക്കുള്ള നിയമനം ഉടൻ നടത്തണമെന്ന് അഡ്വൈസ് മെമ്മോ ലഭിച്ച് കാത്തിരിക്കുന്ന കെ.എസ്. അനുരാഗ് ആവശ്യപ്പെട്ടു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അനുരാഗിന്റെ ഹർജി ഇന്നത്തേക്ക് മാറ്റി. ദേവസ്വത്തിന്റെ ഉറപ്പുപ്രകാരം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാൽ അനുരാഗിന്റെ നിയമനം തടസപ്പെട്ടിരിക്കുകയായിരുന്നു.
കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ കഴകം റാങ്ക്ലിസ്റ്റിൽ ഒന്നാമനായിരുന്ന ഈഴവ വിഭാഗത്തിൽപ്പെട്ട ബി.എ.ബാലുവിന്റെ തസ്തിക മാറ്റിയപ്പോൾ രാജിവച്ച ഒഴിവിലേക്കാണ് രണ്ടാമനായ അനുരാഗ് നിയമനം തേടുന്നത്. അനുരാഗും ഈഴവ സമുദായാംഗമാണ്. ക്ഷേത്ര തന്ത്രിമാരും നിയമനത്തെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |