ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ കേന്ദ്രസർക്കാർ ഒഴിപ്പിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ഇറാനിൽ നിന്ന് അർമീനിയ വഴി ഒഴിപ്പിച്ച 110 വിദ്യാർത്ഥികൾ ഇന്ന് പുലർച്ചെ ഡൽഹിയിൽ വിമാനമിറങ്ങി. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഇസ്രയേൽ അതിർത്തിയിൽ എത്തിച്ച് വിമാനമാർഗം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. താത്പര്യമുള്ളവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിലുള്ള ഇന്ത്യക്കാർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ (https://www.indembassyisrael.gov.in/indian_national_reg) രജിസ്റ്റർ ചെയ്യണം. ഇന്ത്യൻ എംബസിയിലെ കൺട്രോൾ റൂം സജ്ജമാണ്. ഫോൺ: +972 54-7520711; +972 54-3278392; ഇമെയിൽ: cons1.telaviv@mea.gov.in. ഇസ്രയേലിൽ തുടരുന്ന എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും ടെൽഅവീവ് എംബസി അറിയിച്ചു
അതേസമയം ഇറാനിൽ നിന്നെത്തിയ 100ൽ 90 വിദ്യാർത്ഥികളും ജമ്മുകാശ്മീരിൽ നിന്നാണ്. വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് പോകാൻ ജമ്മു കാശ്മീർ സർക്കാർ മോശം ബസുകൾ ഏർപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇടപെട്ട് നല്ല ബസുകൾ ഏർപ്പാടാക്കി. ഇറാനിലുള്ള 600 വിദ്യാർത്ഥികൾ റോഡ് മാർഗം ആയിരം കിലോമീറ്റർ അകലെയുള്ള മഷാദ് നഗരത്തിലെത്തിയതായി ജമ്മുകാശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ അറിയിച്ചു. തുർക്കമെനിസ്ഥാനിലെത്തിച്ച് വിമാന മാർഗം ഡൽഹിയിൽ കൊണ്ടുവരാനാണ് പദ്ധതി. 500 വിദ്യാർത്ഥികളും ജമ്മുകാശ്മീരിൽ നിന്നുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |