കേരള കാർഷിക സർവകലാശാലയുടെ നാലുവർഷ ബി.എസ്‌സി ഹോർട്ടികൾച്ചർ (ഓണേഴ്‌സ്) കോഴ്‌സ് പ്രവേശനം നീറ്റ് യു.ജി 2025 സ്‌കോർ വിലയിരുത്തി. 2024 -25 ലാണ് കോഴ്‌സ് വീണ്ടും ആരംഭിച്ചത്. രാജ്യത്താകമാനവും വിദേശ രാജ്യങ്ങളിലും ഹോർട്ടികൾച്ചർ ഉല്പാദന, സംസ്‌കരണ, വിപണന, ഗവേഷണ മേഖലകളിൽ സാദ്ധ്യതകളേറെയുണ്ട്. കേരളത്തിൽ നടപ്പിലാക്കുന്ന നവോദ്ധാൻ, കേര ലോക ബാങ്ക് പദ്ധതി, കാബ്‌കോ എന്നിവയിൽ ഉത്പാദനത്തിനും സംസ്‌കരണത്തിനും നിരവധി അവസരങ്ങളുണ്ട്.
വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, നാഷണൽ ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് പ്രോജക്ട്, കൃഷിവകുപ്പ്, ഇൻഷ്വറൻസ് കമ്പനികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാലകൾ, നബാർഡ്, അഗ്രി ബിസിനസ് കമ്പനികൾ എന്നിവയിൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ചെയ്യാം. പ്രോജക്ട് മാനേജ്മന്റ്, വിദേശ പഠനം, റീട്ടെയ്ൽ, ഇൻഡസ്ട്രി എന്നിവയിലും അവസരങ്ങളുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുണ്ട്.
കേരളത്തിലാദ്യമായാണ് ബി.എസ്‌സി, ഹോർട്ടികൾച്ചർ കോഴ്‌സാരംഭിക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഈ കോഴ്‌സുകളുണ്ട്. സി.യു.ഇ.ടി യു.ജി 2025 പ്രവേശന പരീക്ഷയിലൂടെയാണ് അഖിലേന്ത്യ ക്വോട്ടയിലെ 15 ശതമാനം ബി.എസ്‌സി ഹോർട്ടികൾച്ചർ കോഴ്‌സിന് അഡ്മിഷൻ നൽകുന്നത്.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ വെള്ളാനിക്കരയിലെ കോളേജ് ഒഫ് ഹോർട്ടികൾച്ചറിലാണ് കോഴ്‌സ് നടത്തുന്നത്. 2025ൽ നീറ്റ് പരീക്ഷ സ്‌കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന കീം റാങ്ക് ലിസ്റ്റിൽപെടുന്നവർക്ക് അപേക്ഷിക്കാം. മൊത്തം 40 സീറ്റുകളുണ്ട്. ഇതിൽ 8 സീറ്റുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ CUET(ICAR -UG) റാങ്ക് ലിസ്റ്റിൽ നിന്നു നികത്തും. www.admissions.kau.in. രജിസ്‌ട്രേഷനുശേഷം അപേക്ഷ നടപടികൾ പൂർത്തിയാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |