മടിവയൽ (കാസർകോട്): ദുരിതങ്ങൾ നീന്തിക്കയറി പോറ്റി വളർത്തിയ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾക്ക് നിറം പകർന്ന മകൾ ഇനി ഡോക്ടർ അഞ്ജലി. ചെറുവത്തൂർ മടിവയലിലെ മാരിമുത്തുവിന്റെയും മുത്തുമാരിയുടെയും മകൾ എം.അഞ്ജലി ചെന്നൈ എം ജി ആർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്.
2019 ൽ എം.ബി.ബി. എസിന് ചേർന്ന അഞ്ജലി ഹൗസ് സർജൻസി ചെയ്യുകയാണ്. 15 ദിവസം കൂടി കഴിഞ്ഞാൽ അതും പൂർത്തിയാക്കി ഡോക്ടർ അഞ്ജലിയായി നാട്ടിൽ എത്തും.
മാരി മുത്തുവും ഭാര്യയും മുപ്പത് വർഷം മുമ്പാണ് ചെറുവത്തൂർ മടിവയലിൽ താമസമായത്. ഇരുവരും രാവിലെ മുതൽ വീടുകളിലും സ്ഥാപനങ്ങളിലും ആക്രിസാധനങ്ങൾ പെറുക്കാൻ ഇറങ്ങും. 2014ലാണ് മടിവയലിൽ പുതിയ വീട് വച്ചത്. ചെറുവത്തൂർ ടൗണിലെ സപ്ലൈകോയുടെ പിറകുവശത്ത് ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കടയുണ്ടായിരുന്നു.
സ്കൂളിൽ പോകുമ്പോഴും സ്കൂൾ വിട്ടുവന്നാലും ആക്രി കടയിൽ മാതാപിതാക്കളെ സഹായിക്കാൻ മക്കൾഎത്തും. അവിടെ ഇരുന്നായിരുന്നു അഞ്ജലിയുടെ പഠനം. പിലിക്കോട് സി.കെ.എൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫുൾ എ പ്ലസിലായിരുന്നു എസ്.എസ്.എൽ.സി വിജയം. ചെറുവത്തൂർ കുട്ടമ്മത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ്‌ടു പാസായത്.
മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചപ്പോൾ വായ്പ എടുത്തും വിറ്റു പെറുക്കിയും മാതാപിതാക്കൾ അഞ്ജലിക്കൊപ്പം നിന്നു.
മൂത്ത മകൾ രേവതി ബിടെക് പഠനത്തിനുശേഷം ഇളമ്പച്ചി പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുകയാണ്. മകൻ സൂര്യ പോളിടെക്നിക് ഡിപ്ലോമ ഹോൽഡർ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |