വെഞ്ഞാറമൂട്: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വൻ കവർച്ച. 40 പവനും 5,000 രൂപയും നഷ്ടമായി. കോൺഗ്രസ് നേതാവും നെല്ലനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ വലിയകട്ടയ്ക്കാൽ പാലത്തറ സുരേഷ് ഭവനിൽ ആർ.അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് സംഭവം.
വീടിന്റെ പിൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒന്നാം നിലയിലെത്തി അപ്പുക്കുട്ടൻ പിള്ളയുടെ കൊച്ചുമക്കൾ ഉറങ്ങുകയായിരുന്ന മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിക്കുകയായിരുന്നു. അപ്പുക്കുട്ടൻ പിള്ളയുടെ മരുമകളുടേതായിരുന്നു ആഭരണങ്ങൾ അദ്ധ്യാപികയായ ഇവർ രാവിലെ അഞ്ചോടെ താഴെ നിന്ന് മുറിക്കടുത്തേക്ക് വന്നപ്പോൾ മുറിക്ക് പുറത്ത് ഒരാൾ നിൽക്കുന്നതുകണ്ട് നിലവിളിച്ചു.
മറ്റുള്ളവർ എത്തിയപ്പോഴേക്കും മോഷ്ടാവ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മുറിയിൽ ആഭരണങ്ങൾ വയ്ക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ പെട്ടികളിൽ നിന്നു ആഭരണങ്ങളെടുത്ത ശേഷം പെട്ടി ഉപേക്ഷിച്ച നിലയിലും വീടിന്റെ പിൻവശത്തെയും അകത്തേക്കുമുള്ള വാതിലുകൾ പൊളിച്ച നിലയിലും കണ്ടെത്തി. രാവിലെ നടന്ന പരിശോധനയിൽ മറ്റുചില ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും ബാഗും വാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ, വിരലടയാള വിദഗ്ദ്ധർ,ഡോഗ് സ്‌ക്വാഡ് എന്നിവരും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |