തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടങ്ങി മിൽമ. 30ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് ശുപാർശ സർക്കാരിന് കൈമാറും. സർക്കാർ അംഗീകരിച്ചാലേ വർദ്ധന നടപ്പാകൂ.
പാൽവില വർദ്ധിപ്പിക്കണമെന്ന് എറണാകുളം മേഖലാ യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മലബാർ യൂണിയനും അഭിപ്രായം അറിയിച്ചു. തിരുവനന്തപുരം യൂണിയൻ 25ന് യോഗം ചേർന്ന് അറിയിക്കും. വില വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളെയും വിപണിയെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷമാകും മിൽമയുടെ തീരുമാനം. നിലവിൽ 52 രൂപയാണ് ഒരു ലിറ്റർ പാലിന്റെ വില. 2022 ഡിസംബറിൽ ലിറ്ററിന് ആറുരൂപ കൂട്ടിയതാണ് ഒടുവിൽ വരുത്തിയ വർദ്ധന.
ക്ഷീര സംഘങ്ങളിൽ നൽകുന്ന പാലിന് കർഷകന് 46-48 രൂപവരെയാണ് നിലവിൽ ലഭിക്കുന്നത്. പശുവളർത്തലുമായി ബന്ധപ്പെട്ട ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പര്യാപ്തമല്ലെന്നാണ് കർഷകരുടെ പരാതി. ഇതടക്കം പരിഗണിച്ചാകും വില വർദ്ധനയിൽ തീരുമാനമുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |