ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ അറിയപ്പെടുന്ന ഷൺമുഖദാസ് രംഗത്ത്. രേണു സുധിയെ ഇന്ന് കാണുന്ന രേണുസുധിയാക്കിയത് ദാസ് എന്ന ഒരു ആർട്ടിസ്റ്റാണെന്ന് അവകാശപ്പെടുന്നത് കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ' എന്നാണ് ശാരദക്കുട്ടി സോഷ്യൽ മീഡിയയിൽ ദാസിനെക്കുറിച്ച് കുറിച്ചത്. എന്നാൽ നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസിലാക്കാതെ അഭിപ്രായം പറയരുതെന്ന് ഷൺമുഖദാസ് ഫേസ്ബുക്കിൽ മറുപടിയായി കുറിച്ചു.
'കാര്യങ്ങൾ മനസിലാക്കാതെ അഭിപ്രായം പറയരുത് ബഹുമാനപ്പെട്ട ശാരദക്കുട്ടി ടീച്ചറേ. നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസിൽ ആക്കാതെ അഭിപ്രായം പറയരുത്. ഞാൻ ആരുടെയും രക്ഷിതാവ് ആണെന്ന് പറഞ്ഞിട്ടില്ല. പ്രൊഫഷണൽ റീൽസ് അവർ എത്തിയത് റീലിൽ കൂടെ ആണെന്ന് ഞാൻ പറഞ്ഞിട്ടുള്ളു. അത് അവർ തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്'- ഷൺമുഖദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം
ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല.
എന്നാൽ, അദ്ദേഹത്തിന്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.
രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!
കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ഴമാല കൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ. അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തന്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ.
എസ്. ശാരദക്കുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |