മലപ്പുറം: പെയ്യണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു നിലമ്പൂരിൽ മഴ. വോട്ട് രേഖപ്പെടുത്തുക തന്നെ ചെയ്യുമെന്ന വോട്ടർമാരുടെ ഉറച്ച തീരുമാനത്തിൽ മഴയ്ക്കും പിൻവാങ്ങേണ്ടിവന്നു. പതിയെ തുടങ്ങി ആവേശത്തിൽ കലാശിച്ച പോളിംഗിനാണ് നിലമ്പൂർ സാക്ഷിയായത്. രാവിലെ ഏഴിന് തന്നെ വോട്ടിംഗ് തുടങ്ങി. മഴയെ പേടിച്ച് നേരത്തെ തന്നെ സ്ത്രീകൾ ഉൾപ്പെടെ ബൂത്തുകളിൽ എത്തിയതോടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. പോളിംഗ് പത്ത് ശതമാനം കടക്കുംമുമ്പേ മഴയെത്തി. കനപ്പിച്ച് വന്ന മഴ വൈകാതെ പിൻവാങ്ങിയതോടെ വീണ്ടും പോളിംഗ് ചൂടിലേക്ക് ബൂത്തുകളെത്തി. നാലിടങ്ങളിൽ വോട്ടിംഗ് യന്ത്രം കുറച്ചുനേരം പണിമുടക്കിയതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് മാങ്കുത്ത് എൽ.പി സ്‌കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽ.പി സ്‌കൂളിലുമെത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പ്രചാരണത്തിനിടെ നാട് പകർന്നു നൽകിയ ആത്മവിശ്വാസം കരുത്തായി കൂടെയുണ്ടെന്ന് എം.സ്വരാജ് പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി. വികസിത നിലമ്പൂരിന് അനുകൂലമായ ഒരുമാറ്റമാണ് ജനങ്ങളിൽ കാണുന്നതെന്ന് മോഹൻ ജോർജ് പറഞ്ഞു. ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലുണ്ട്. കാര്യമായ മുന്നേറ്റം മണ്ഡലത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മഴയുടെ ഭീഷണിയെ തുടർന്ന് പോളിംഗ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂറിൽ (രാവിലെ 10 വരെ) 15.30 ശതമാനമായിരുന്നു. 15.40 ശതമാനവുമായി നിലമ്പൂർ മുനിസിപ്പാലിറ്റിയായിരുന്നു മുന്നിൽ. ചുങ്കത്തറ -15.20%, അമരമ്പലം -14.80%, എടക്കര - 14.60%, പോത്തുകല്ല് - 13.70%, മൂത്തേടം - 13.20%, വഴിക്കടവ് - 12.80%, കരുളായി - 11.30% എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്. മഴമാറി നിന്നതോടെ ശക്തികേന്ദ്രങ്ങളിൽ പോളിംഗ് ഉയർത്താൻ മുന്നണികൾ മത്സരിച്ചു. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് കണക്കെടുത്ത് തങ്ങളുടെ വോട്ട് പെട്ടിയിലായെന്ന് ഉറപ്പാക്കാൻ ശ്രമിച്ചതോടെ ചിത്രം മാറി.
11 മണിയോടെ പോളിംഗ് 20 ശതമാനം പിന്നിട്ടു. നിലമ്പൂർ - 21%, വഴിക്കടവ് -19%, മൂത്തേടം -19.20%, എടക്കര - 20.30%, പോത്തുകല്ല് - 19.80%, ചുങ്കത്തറ - 21.50%, കരുളായി -19.00%, അമരമ്പലം - 21.10% എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് ഒരുമണി വരെ 46.73 ശതമാനമായിരുന്നു പോളിംഗ്. ഉച്ചവരെ കാര്യമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് പോളിംഗ് ഉയർന്നത്. അതേസമയം ആദിവാസി മേഖലകളിലെ ബൂത്തുകളിൽ ഉച്ചവരെ 30 ശതമാനം മാത്രമായി. ആദിവാസി ഊരുകളിൽ നിന്ന് വാഹനങ്ങളിൽ വോട്ടർമാരെ വനം വകുപ്പിന്റെ നേതൃത്വത്തിൽ എത്തിക്കാറുണ്ടായിരുന്നെങ്കിൽ ഇത്തവണ അതിന് ശ്രമിച്ചില്ലെന്ന് ആക്ഷേപമുയർന്നു. പിന്നാലെ ആദിവാസി ഊരുകളിൽ നിന്ന് പരമാവധി വോട്ടർമാരെ എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ ശ്രമം നടത്തിയതോടെ കൂടുതൽ പേരെത്തി. ഉച്ചയ്ക്ക് രണ്ടോടെ നിലമ്പൂർ ടൗണിൽ വീണ്ടും മഴ കനത്തു. അരമണിക്കൂറോളം നീണ്ടുനിന്നെങ്കിലും വോട്ടർമാരുടെ ഒഴുക്ക് തടസ്സപ്പെടുത്താനായില്ല. ഉച്ചയ്ക്ക് മൂന്നിന് 59.68 ശതമാനമായി പോളിംഗ്. പിന്നാലെ പോളിംഗ് ക്രമാതീതമായി ഉയർന്നു. വൈകിട്ട് അഞ്ചിന് 70.76 ശതമാനമായി. അന്തിമ കണക്കുകൾ ഇനിയും ഉയർന്നേക്കും.
സ്വധീനിക്കാൻ ശ്രമിച്ചെന്ന്
ചുങ്കത്തറ കുറുമ്പലണ്ടോട് സ്‌കൂളിലെ ബൂത്തിൽ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. ഇതേച്ചൊല്ലി എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ മൂന്ന് എൽ.ഡി.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പോത്തുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർ ആരാണെന്ന് അറിയില്ലെന്ന് സി.പി.എം നേതൃത്വം വിശദീകരിച്ചു. ഇത് ഒഴിച്ചുനിറുത്തിയാൽ മണ്ഡലത്തിൽ ഒരിടത്തും പ്രശ്നങ്ങളോ അക്രമങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |