തിരുവനന്തപുരം: 6.78 രൂപയ്ക്ക് ഫ്രൈഡ് റൈസോ! ഉച്ചഭക്ഷണപദ്ധതിയുടെ പുതിയമെനു കണ്ട് ഞെട്ടി പ്രഥമാദ്ധ്യാപകർ! മുട്ടയും പാലും അടങ്ങുന്ന പോഷകാഹാരപദ്ധതിതന്നെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫ്രൈഡ് റൈസും ബിരിയാണിയും ഉൾപ്പെടുന്ന സമൃദ്ധമായ മെനു. ഏറ്റവും പുതിയ ഉത്തരവനുസരിച്ച് ലോവർ പ്രൈമറിക്ക് 6.78 രൂപയും യു.പിയ്ക്ക് 10.17രൂപയുമാണ് ഉച്ചഭക്ഷണത്തിനുള്ള തുക. പാചകവാതകം,സാധനങ്ങളുടെ കടത്തുകൂലി,പച്ചക്കറി,പലവ്യഞ്ജനം എന്നിവ ഇതിൽപ്പെടും.
തുച്ഛമായ തുകയിൽ മുട്ടയും പാലും
ഉച്ചഭക്ഷണത്തിന് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. എന്നാൽ പോഷകാഹാര പദ്ധതി സംസ്ഥാനത്തിന്റേതാണ്.
ഒരു ലിറ്റർ പാലിന് 58 രൂപ വിലയുള്ളപ്പോൾ സർക്കാർ നൽകുന്നത് 52 രൂപ. മുട്ടയ്ക്ക് ആറുരൂപയാണ് വിഹിതം. നിലവിൽ എട്ടുരൂപയാണ് മുട്ടവില. ഒരു കുട്ടിക്ക് ആഴ്ചയിൽ 300 മില്ലി ലിറ്റർ പാലാണ് നൽകുന്നത്. ഇതിന് നൽകുന്നത് 15.60 രൂപയും. വിപണിവില 17.40 രൂപയും. രണ്ടിനും ചേർത്ത് പ്രഥമാദ്ധ്യാപകർ കുട്ടി ഒന്നിന് നാല് രൂപയിലേറെ നഷ്ടം സഹിക്കണം.
തൊഴിലാളികൾ അപര്യാപ്തം
പരിഷ്കരിച്ച മെനു അനുസരിച്ച് പാചകത്തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്. നൂറുകുട്ടികൾ ഉള്ളിടത്ത് പോലും രണ്ട് പാചകത്തൊഴിലാളികൾ ആവശ്യമാണെന്നിരിക്കെ, 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയാണ് ഇപ്പോഴുള്ളത്. പുതിയ മെനു അനുസരിച്ച് രണ്ട് പാചകത്തൊഴിലാളിയും ഒരു സഹായിയും എന്ന രീതിയിൽ നിയമിക്കണമെന്ന് അദ്ധ്യാപകർ പറയുന്നു.വർഷത്തിലൊരിക്കൽ 50 രൂപ വീതം വേതനം വർദ്ധിപ്പിച്ചിരുന്നത് കഴിഞ്ഞ നാല് വർഷമായി മുടങ്ങി.
'മെനു പരിഷ്കരണം സ്വാഗതാർഹം. എന്നാൽ നിലവിലെ തുക അപര്യാപ്തമായതിനാൽ മതിയായ തുക അനുവദിക്കണം".
- ജി. സുനിൽകുമാർ, ജനറൽ സെക്രട്ടറി, കെ.പി.പി.എച്ച്.എ
'പോഷകസമൃദ്ധമായ പുതിയ മെനു സ്വാഗതം ചെയ്യുന്നു. എന്നാൽ മെനുവനുസരിച്ച് തുക വർദ്ധിപ്പിക്കണം. നൂറ് കുട്ടികൾക്ക് രണ്ട് പാചകത്തൊഴിലാളികളെയും നിയമിക്കണം".
- കെ.അബ്ദുൽ മജീദ്, പ്രസിഡന്റ് കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |