ന്യൂഡൽഹി: ഇന്ത്യയും ക്രൊയേഷ്യയും പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചുമായുള്ള കൂടിക്കാഴ‌്ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സോറൻ മിലനോവിച്ചിനെയും അദ്ദേഹം കണ്ടു. പ്രതിരോധ സഹകരണ മേഖലയിൽ,പരിശീലനവും സൈനിക കൈമാറ്റവും കൂടാതെ പ്രതിരോധ ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദീർഘകാല പദ്ധതിയാണ് ഇന്ത്യയും ക്രൊയേഷ്യയും തയ്യാറാക്കുക.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കാനുള്ള ആഹ്വാനം കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി മോദി ആവർത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ക്രൊയേഷ്യ നൽകിയ പിന്തുണയ്ക്ക് ഇന്ത്യയുടെ നന്ദി അറിയിച്ചു. ചർച്ചകളിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും പങ്കെടുത്തു. കൃഷി,സംസ്കാരം,ശാസ്ത്ര മേഖലകളിൽ നാല് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. ഇൻഡോളജി പഠനവുമായി ബന്ധപ്പെട്ട് ഐ.സി.സി.ആറും സാഗ്രെബ് സർവകലാശാലയും കരാർ ഒപ്പിട്ടു.
മറ്റ് ധാരണകൾ
ഇന്ത്യൻ തീരദേശ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ക്രൊയേഷ്യൻ കമ്പനികൾക്ക് അവസരം.
സംയുക്ത ബഹിരാകാശ സംരംഭങ്ങൾ തുടങ്ങും.
ക്രൊയേഷ്യയിലെ ഫാർമ,കൃഷി,ഐടി,ക്ലീൻ ടെക്നോളജി,ഡിജിറ്റൽ ടെക്നോളജി,സെമികണ്ടക്ടറുകൾ മേഖലകളിൽ ഇന്ത്യൻ നിക്ഷേപം വർദ്ധിപ്പിക്കും
സാഗർമാല പദ്ധതി പ്രകാരം ഇന്ത്യയിലെ തുറമുഖ നവീകരണം,തീരദേശ മേഖല വികസനം,മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയിൽ ക്രൊയേഷ്യൻ കമ്പനികൾക്ക് അവസരം.
ഇന്ത്യൻ-ക്രൊയേഷ്യൻ അക്കാഡമിക് സ്ഥാപനങ്ങൾ സംയുക്ത ഗവേഷണ പദ്ധതികൾ നടത്തും.
സാംസ്കാരിക വിനിമയത്തിന് പഞ്ചവത്സര പദ്ധതി.
ജനങ്ങളുടെ നീക്കത്തെ സഹായിക്കുന്ന മൊബിലിറ്റി കരാർ ഉടൻ ഒപ്പുവയ്‌ക്കും.
മോദി ഡൽഹിയിൽ
തിരിച്ചെത്തി
സൈപ്രസ്,കാനഡ,ക്രൊയേഷ്യ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാത്രി ഡൽഹിയിൽ തിരിച്ചെത്തി. പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു. പാകിസ്ഥാനെ പിന്തുണച്ച തുർക്കിയുടെ അയൽ രാജ്യമായ സൈപ്രസിലേക്കുള്ള സന്ദർശനം തന്ത്രപരമായ നീക്കമായിരുന്നു. സൈപ്രസിന്റെ ചില മേഖലകൾ തുർക്കി നിയന്ത്രണത്തിൽ തുടരുന്നത് പ്രധാനമന്ത്രി മോദി- സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസ് ചർച്ചകളിൽ ഉയർന്നു. സന്ദർശന വേളയിൽ,സൈപ്രസ് പരമോന്നത സിവിലിയൻ ബഹുമതിയും മോദിക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |