□കേസിൽ നിന്നൊഴിവാക്കാൻ ബംഗളുരു പൊലീസ് 2 കോടി ആവശ്യപ്പെട്ടു
കൊച്ചി: തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ ഇളയ മകളുടെ ഭർത്താവിനെ പീഡന പരാതിയിൽ അറസ്റ്റു ചെയ്തതിന് പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്ന് മൂത്ത മകൾ ഉണ്ണിമായ ആരോപിച്ചു. തന്റെ ചില കുടുംബാംഗങ്ങൾ തന്നെ ആസൂത്രണം ചെയ്‌തതാണ് വ്യാജപരാതി. രണ്ടാം പ്രതിയായി ചേർത്ത തന്റെ അച്‌ഛനെ കേസിൽ നിന്നൊഴിവാക്കാൻ ബംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തന്ത്രി ഉണ്ണി ദാമോദരന്റെ ബന്ധുക്കളുടെ വൈരാഗ്യമാണ് കേസിന് കാരണം. ഇവർ ഗൂഢാലോചന നടത്തിയാണ് പീഡനക്കേസ് സൃഷ്‌ടിച്ചത്. ഇവരിൽ ഒരാളുടെ കർണാടകയിലെ പെൺ സുഹൃത്താണ് പരാതിക്കാരി. അച്‌ഛൻ നിരപരാധിയാണെന്നതിന് ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടും ഒഴിവാക്കാൻ പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടു. കർണാടക പൊലീസ് പണം ആവശ്യപ്പെട്ടതിന്റെ തെളിവും പക്കലുണ്ട്. തന്ത്രിയെയും ക്ഷേത്രത്തെയും തകർക്കാനാണ് ശ്രമം.
പരാതിക്കാരി പൂജയ്‌ക്കായി ക്ഷേത്രത്തിലെത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണ്. ക്ഷേത്രത്തിലെത്തിയ അവർ ഫോട്ടോകൾ എടുത്തു മടങ്ങിയശേഷം സഹോദരിയുടെ ഭർത്താവിനെ പീഡനക്കേസിൽ കുടുക്കി. അറസ്റ്റിലായ അരുൺ യുവതിയുമായി ഫോൺ ചാറ്റ് നടത്തിയിട്ടുണ്ട്. പുറത്തുവന്ന ചാറ്റുകളിൽ നിന്ന് പരാതിക്കാരിയുടെ വാക്കുകൾ മായ്‌ച്ചത് ദുരൂഹമാണ്. അരുൺ യുവതിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ല.ദേവസ്ഥാനം തന്ത്രിയായ അച്ഛനിൽ നിന്ന് ഭരണം പിടിച്ചെടുക്കാനാണ് ശ്രമം. അച്ഛനെ വധിക്കാൻ ശ്രമിക്കുകയും ഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ദേവസ്ഥാനം ആരംഭിക്കാനിരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രവും ജീവകാരുണ്യ പ്രവർത്തനവും അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ണി ദാമോദരൻ ചില ബന്ധുക്കളെ പുറത്താക്കിയിരുന്നു. ഇതിന്റെ പകയിലാണ് കുടുംബത്തെയും ക്ഷേത്രത്തെയും തകർക്കാൻ വ്യാജപരാതി ഉന്നയിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഇവർക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ഉണ്ണിമായ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |