കൊടും ചൂടുളള വേനൽക്കാലമാണ് കടന്നുപോയത്. ഫാനും എസിയുമൊക്കെയായി ആ സമയം ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലുകളാണ് നമുക്ക് ലഭിച്ചത്. എന്നാൽ കാലവർഷം ശക്തമായതോടെ ബില്ലിൽ കാര്യമായ കുറവുണ്ടാകും എന്ന് കരുതി കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. കൂടുതൽപ്പേർക്കും ഒട്ടും കുറവുണ്ടായില്ലെന്നതാണ് സത്യം. നിസാരമെന്ന് നമ്മൾ കരുതുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിൽ തുകയിൽ കുറവുണ്ടാകും. ഇപ്പോൾ നിങ്ങൾക്ക് രണ്ടായിരം രൂപയുടെ ബില്ലാണ് വരുന്നതെങ്കിൽ അത് ആയിരം രൂപയെങ്കിലും ആക്കാൻ കഴിയും. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.
ഇതിൽ പ്രധാനം സോളാർ എനർജി തന്നെയാണ്. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽ നിന്ന് പ്രതിദിനം കുറഞ്ഞത് 4-5 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും. വീട്ടിലെ അത്യാവശ്യം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ വൈദ്യുതി ധാരാളമാണ്. എന്നാൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കണമെങ്കിൽ പണച്ചെലവുണ്ട് എന്ന കാര്യം മറക്കരുത്.
വീട്ടിലെ ലൈറ്റുകൾ മുഴുവൻ എൽഇഡി ആക്കുക എന്നതാണ് വൈദ്യുതി ബിൽ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. സാധാരണ ബൾബുകളോ സിഎഫ്എല്ലുകളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് മാറ്റുക. ഫലം അടുത്ത ബില്ലിൽ ഉറപ്പായും അറിയാനാവും.
വീട്ടിലെ വൈദ്യുതോപകരണങ്ങൾ എനർജി സേവിംഗ് ആക്കുക എന്നതാണ് മറ്റൊരുമാർഗം. 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. അല്ലാത്തവ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് മാറ്റുക. ഇതിന് അല്പം പണച്ചെലവാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ലാഭമായിരിക്കും.
എസി പ്രവർത്തിക്കുമ്പോൾ ചില ട്രിക്കുകൾ ഉപയോഗിച്ചും കറണ്ട് ബിൽ കുറയ്ക്കാൻ കഴിയും. കുറച്ചുസമയം എസി ഓൺ ആക്കി ഇടുക. മുറി തണുത്തശേഷം സീലിംഗ് ഫാൻ ഉപയോഗിച്ചാൽ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ മുറിയിൽ എപ്പോഴും തണുപ്പ് നിലനിൽക്കും. ഒപ്പം രാത്രിസമയം മുഴുവൻ എസി ഇടുന്നതിലൂടെ ഉണ്ടാകുന്ന വൈദ്യുതിചെലവും കുറയ്ക്കാനാവും. എസി ഒരുമണിക്കൂർ ഉപയോഗിക്കുമ്പോൾ പത്തുരൂപ ചെലവാകുമെങ്കിൽ ഫാൻ ഉപയോഗിക്കുമ്പോൾ മണിക്കൂറിൽ അമ്പതുപൈസയ്ക്ക് താഴെമാത്രമായിരിക്കും ചെലവെന്നതും ഓർക്കണം.
കൂടുതൽ സമയം ഫ്രിഡ്ജിന്റെ വാതിൽ തുറന്നിടാതിരിക്കുക, യഥാസമയം അറ്റകുറ്റപ്പണി നടത്തുകയും വൃത്തിയാക്കുകയും ചെയ്യുക,ഫ്രിഡ്ജിന് മുന്നിലും പിന്നിലും ആവശ്യത്തിന് സ്ഥലം നൽകുക എന്നിവയിലൂടെയും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ കഴിയും.
ഹീറ്ററുകൾ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുക, ഉപയോഗിക്കാത്ത സമയങ്ങളിൽ ടിവിയും കമ്പ്യൂട്ടർ തുടങ്ങിയ ഉപകരങ്ങൾ ഓഫാക്കുക, മൊബൈൽ ഫോണുകളും മറ്റും ചാർജുചെയ്തുകഴിഞ്ഞാൽ ചാർജറുകൾ പ്ലഗിൽ നിന്ന് മാറ്റുക എന്നിവയിലൂടെയും വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |