പാലക്കാട്: അടുക്കളയിൽ അടുപ്പിനോട് ചേർന്ന് പത്തിവിടർത്തിയ കൂറ്റൻ മൂർഖൻപാമ്പ്. ചീറ്റിയടുത്ത പാമ്പിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലക്കാട് കുന്നത്തുകാവിൽ ഇന്നുരാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പാമ്പുപിടിത്തക്കാർ ഏറെ പണിപ്പെട്ടാണ് മൂർഖനെ പിടികൂടിയത്.
കുന്നത്തുകാവിൽ ശ്രീജിത്തിന്റെ വീട്ടിൽ അടുക്കളയിൽ അടുപ്പിന് കീഴെ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു പാമ്പിനെ കണ്ടത്. ഈ വീട്ടിൽ വളർത്തിയിരുന്ന പൂച്ചയെ കുറച്ചുദിവസമായി കാണാനില്ലായിരുന്നു. ഇതിനെ കണ്ടെത്തനായി നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടത്. അടുക്കളയിൽ അടുപ്പ് നിർമ്മിച്ചിരുന്ന സ്ലാബിനടിയിൽ വിറക് സൂക്ഷിച്ചിരുന്നു. ഇതിനിടയിൽ ചുവരിനോട് ചേർന്നാണ് പത്തിവിടർത്തി നിൽക്കുന്ന കൂറ്റൻ മൂർഖനെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. അവരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
മഴക്കാലമായതിനാൽ പാമ്പുകൾ വീട്ടിനുള്ളിൽ കടക്കാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തേ ബന്ധപ്പെട്ടവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ശ്രീജിത്തിന്റെ വീട്ടിലെ അടുക്കളയിൽ കയറിയ പാമ്പ് സ്ലാബിനടിയിൽ സൂക്ഷിച്ചിരുന്ന വിറകിനിടയിൽ സുരക്ഷിത താവളം കണ്ടെത്തുകയായിരുന്നു. ഇത് വീട്ടുകാരും അറിഞ്ഞില്ല. പാമ്പ് ഉളളതറിയാതെ വീട്ടുകാർ വിറകെടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലായേനെ.
മഴക്കാലത്ത് മഴവെള്ളത്തിലും മറ്റും മാളങ്ങൾ നശിക്കുന്നതിനാലാണ് പാമ്പുകൾ ധാരാളമായി പുറത്തിറങ്ങുന്നത്. ഇങ്ങനെ എത്തുന്ന പാമ്പുകൾ വീടുകൾക്കുള്ളിൽ കയറിക്കൂടാനുള്ണ സാദ്ധ്യത ഏറെ കൂടുതലാണ്. വീടിനുളളിലും പരിസരങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന വിറകുപോലുള്ളവയ്ക്ക് ഇടയിലാണ് ഇവ കൂടുതലും താവളമാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പാമ്പ് ഭീതിയകറ്റാൻ ആദ്യം ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |