കൊച്ചി: വടുതല റെയിൽവേ മേൽപ്പാലത്തിനു താഴെ നിർമ്മിച്ച താത്കാലിക ബണ്ട് പൊളിക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു. ബണ്ടിൽ അടിഞ്ഞിരിക്കുന്ന ലക്ഷക്കണക്കിന് ഘടനയടി മണ്ണ് എന്തിനെല്ലാം ഉപയോഗിക്കാമെന്ന് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി പറഞ്ഞത്. ഇന്നലെ കൊച്ചിയിലെ വെള്ളക്കെട്ട് കേസ് പരിഗണിക്കുന്നതിനിടെ ബണ്ട് കേസും പരിഗണനയ്ക്ക് വന്നെങ്കിലും ഈ മണ്ണ് എന്തിനൊക്കെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചില്ല. കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യം അംഗീകരിച്ച കോടതി അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചു.
ഹൈവേ ഫില്ലിംഗ് പ്രതീക്ഷ വേണ്ട
ദേശീയ പാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സ്ഥലങ്ങളിൽ വടുതല ബണ്ടിൽ അടിഞ്ഞ മണ്ണ് ഉപയോഗിക്കാമെന്ന് ജില്ലാ ഭരണകൂടവും സർക്കാരും നിർദ്ദേശിച്ചെങ്കിലും ഈ മണ്ണ് അനുയോജ്യമല്ലെന്നായിരുന്നു എൻ.എച്ച്.എ.ഐയുടെ റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ഈ റിപ്പോർട്ട് നൽകിയ എൻ.എച്ച്.എ.ഐയോട് ഒരിക്കൽ കൂടി പഠിച്ച് റിപ്പോർട്ട് നല്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് സമാനമായിരുന്നു.
ഹൈവേയുടെ മീഡിയൻ ഫില്ലിംഗിന് മണ്ണ് ഉപയോഗിക്കാനാകുമോ എന്ന തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും എൻ.എച്ച്.എ.ഐ അധികൃതർ പച്ചക്കൊടി കാട്ടിയിട്ടില്ല. ഡ്രെഡ്ജ് ചെയ്യുന്നതിനുള്ള ചെലവും ഗതാഗത ചെലവും ഭീമമാണെന്നതാണ് വടുതലയിലെ മണ്ണിനോട് എൻ.എച്ച്.എ.ഐ മുഖംതിരിക്കാൻ കാരണം.
മുൻപും ഒഴിഞ്ഞു മാറി സർക്കാർ
വടുതല ബണ്ട് പൊളിക്കണമെന്ന് സംസ്ഥാന സർക്കാരിന് നേരത്തെയും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും അന്നും സർക്കാർ ഒഴിഞ്ഞുമാറി. തങ്ങളല്ല ബണ്ട് നീക്കേണ്ടതെന്നും കൊച്ചി തുറമുഖ അതോറിറ്റിക്കാണ് പൂർണ ചുമതലയെന്നുമായിരുന്നു അന്നത്തെ സർക്കാർ വാദം.
വടുതല ബണ്ട്
റെയിൽവേ മേൽപാലം പണിയുന്നതിന് താത്കാലികമായി നിർമ്മിച്ചത്
അടിഞ്ഞത് - 25,15,670 ഘനയടി മണ്ണും ചെളിയും
25,750 ഘനയടി കോൺക്രീറ്റ് അവശിഷ്ടങ്ങളും
പ്രശ്‌നങ്ങൾ:
വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു
ബണ്ടിന്റെ ചുറ്റുവട്ടങ്ങൾ വേലിയിറക്ക സമയങ്ങളിൽ കരപ്രദേശം പോലെ
പ്രദേശത്തെ മത്സ്യസമ്പത്ത് കുറഞ്ഞു
20 തൂണുകൾക്കിടയിലൂടെ ചെറുവള്ളങ്ങൾക്ക് പോലും കടന്നു പോകാനാകാത്ത അവസ്ഥ
18 തൂണുകളും അടഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |