തൃശൂർ: തെളിഞ്ഞ സായാഹ്നത്തിൽ നഗരവീഥികളിലേക്ക് പുലിക്കൂട്ടമിറങ്ങിയതോടെ ആയിരങ്ങളുടെ ആർപ്പും ആരവവും. പ്രളയക്കെടുതി കാരണം കഴിഞ്ഞ വർഷം പുലിക്കളി ഒഴിവാക്കിയതിന്റെ 'ക്ഷീണം' തീർത്ത് ആവേശം അണമുറിഞ്ഞു.
ആറ് ടീമുകളാണ് പുലിക്കളിയുമായെത്തിയത്. പെൺപുലികളും കുട്ടിപ്പുലികളും നിശ്ചല ദൃശ്യങ്ങളും അടക്കമുള്ള പുലിസംഘങ്ങൾ നാലരയോടെ സ്വരാജ് റൗണ്ടിലേക്കു പ്രവേശിച്ചു. അയ്യന്തോൾ ദേശം, തൃക്കുമാരംകുടം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റർ ടീമുകൾ എം.ജി റോഡ് വഴിയും വിയ്യൂർ സെന്റർ ടീം ബിനി ജംഗ്ഷനിൽ നിന്നും വിയ്യൂർ ദേശം പാലസ് റോഡ് വഴിയുമാണ് എത്തിയത്. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച ശേഷം പുലികൾ ചുവടുവച്ചു.
ആൺപുലികൾക്കൊപ്പം ആവേശമുയർത്തി വിയ്യൂർ ദേശത്തിനൊപ്പം മൂന്ന് പെൺപുലികളും പുലിത്താളത്തിന് ചുവടുവെച്ചു. തയ്യൽത്തൊഴിലാളിയായ ചേറൂർ സ്വദേശി ഗീത, കൂലിത്തൊഴിലാളിയായ വലപ്പാട് സ്വദേശി താര, കൊച്ചിക്കാരിയായ നർത്തകി പാർവതി എന്നിവരായിരുന്നു പെൺപുലികൾ. പുലിക്കളി ഒരുക്കങ്ങൾക്ക് മുൻകാലങ്ങളിൽ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന്റെ ഹാളിൽ നിരവധി സ്ത്രീകളാണെത്തിയത്. വിയ്യൂർ സെന്ററിന്റെ സംഘത്തിൽ രണ്ടാം ക്ളാസ് വിദ്യാർത്ഥി ഉൾപ്പെടെ അഞ്ച് കുട്ടിപ്പുലികളുണ്ടായിരുന്നു.
സംഘങ്ങൾ കുറഞ്ഞെങ്കിലും പുലികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. എട്ടുമണി വരെ ടീമുകൾ സ്വരാജ് റൗണ്ടിൽ ചുവടുവച്ചു. സുരക്ഷയുടെ ഭാഗമായി ആയിരം പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. നടുവിലാൽ, പാറമേക്കാവ്, എം.ഒ റോഡ് എന്നീ കേന്ദ്രങ്ങളിൽ വിധികർത്താക്കൾ പുലിക്കളി വിലയിരുത്തി. ബിനി ജംഗ്ഷനിൽ മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ എന്നിവർ ചേർന്ന് പുലിക്കളിയുടെ ഫ്‌ളാഗ് ഒഫ് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |