പാലക്കാട്: മാലിന്യത്തിൽ നിന്ന് ഊർജ്ജം(വേസ്റ്റ് ടു എനർജി) ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കേന്ദ്രീകൃത മാലിന്യ സംസ്‌കരണപ്ലാന്റ് കഞ്ചിക്കോട്ട് ഈ വർഷം ഡിസംബറിൽ കമ്മിഷൻ ചെയ്യും. പദ്ധതിയുടെ 60 ശതമാനം ജോലികളും ഇതിനകം പൂർത്തീകരിച്ചതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പ്ലാന്റിലേക്കാവശ്യമായ മാലിന്യശേഖരണം സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വിളിച്ചുചേർത്ത വിവിധ തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പ്രതിദിനം 200 ടൺ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുണ്ടാവുക. 150 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പ്ലാന്റിൽ ജില്ലയിലെ ഏഴു നഗരസഭകളുടെയും 22 പഞ്ചായത്തുകളുടെയും മാലിന്യം സംസ്‌കരിക്കും. കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനമാണ് ഇവിടെ പ്രധാനമായും നടക്കുക. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കിൽ അത് പരിഹരിക്കും. ഹരിത കർമ്മസേനയുടെ പ്രവർത്തനം തടസപ്പെടുകയല്ല, മറിച്ച് കൂടുതൽ ശക്തിയാർജിക്കുകയാണ് പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെയുണ്ടാവുക. പ്ലാന്റ് വരുന്നതോടെ ഹരിത കർമ്മസേനയ്ക്ക് കൂടുതൽ വരുമാനം നേടാൻ കഴിയും. കേന്ദ്രീകൃത പ്ലാന്റുകൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. വൻതോതിലുള്ള മാലിന്യം ഉത്പാദിപ്പിക്കുന്നവരെയാണ് പ്രധാനമായും പ്ലാന്റ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ 11.5 ഏക്കർ സ്ഥലത്താണ് പ്ലാന്റ്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. ബ്ലൂപ്ലാനറ്റ് ബേസ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് പ്ലാന്റിന്റെ സാങ്കേതികപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്ലാന്റ് വരുന്നതോടെ പാലക്കാട് ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്‌കരണത്തിനായി വരുന്ന വലിയ ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, ജില്ലാ കളക്ടർ ജി.പ്രിയങ്ക, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു.വി.ജോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |