തിരുവനന്തപുരം: യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്ന മലയാളികളെയും ഇറാൻ- ഇസ്രയേൽ സംഘർഷം വലയ്ക്കുന്നു. കണക്ഷൻ ഫ്ലൈറ്റിൽ വരുന്ന യാത്രക്കാർ ജി.സി.സി രാജ്യങ്ങളിൽ ഒരുദിവസം വരെ കുടുങ്ങിക്കിടക്കുകയാണ്.
യാത്രാമദ്ധ്യേ വിമാനം വഴി തിരിച്ചുവിടുന്നതോടെ ലാൻഡിംഗ് മണിക്കൂറുകൾ വൈകുന്നു. ഇതോടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടമാകുന്നതാണ് വിനയായത്. യു.കെ, യു.എസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സ്‌കൂൾ വെക്കേഷൻ തുടങ്ങുന്നതിനാൽ നിരവധി യാത്രക്കാരാണ് കേരളത്തിലേക്ക് വരുന്നത്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നിന്ന് ഒട്ടേറെ മലയാളികളുമായി അബുദാബിയിലേക്ക് വന്ന എത്തിഹാദ് വിമാനം യാത്രാമദ്ധ്യേ വഴിതിരിച്ചുവിട്ടു. രണ്ടര മണിക്കൂർ വൈകിയാണ് അബുദാബിയിൽ ലാൻഡ് ചെയ്തത്. കണക്ഷൻ ഫ്ലൈറ്റ് ഇവർ എത്തും മുൻപ് പുറപ്പെട്ടിരുന്നു.
മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അബുദാബിയിൽ എത്തിയ മലയാളികളും ഇതുപോലെ പെട്ടുപോയി. നാട്ടിലേക്ക് അടുത്ത ദിവസമേ വിമാനമുള്ളൂവെങ്കിൽ ഇവരെ ഹോട്ടലുകളിൽ താമസിപ്പിക്കും. ദുബായ്, ഖത്തർ എന്നിവിടങ്ങളിലും കണക്ഷൻ ഫ്ലൈറ്റ് കിട്ടാതെ യാത്രക്കാർ കുടുങ്ങുന്നുണ്ട്. കല്യാണത്തിൽ പങ്കെടുക്കാനും ബന്ധുവിന്റെ മരണമറിഞ്ഞും പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
ഇറാനിൽ നിന്ന്
2 വിമാനംകൂടി
ഡൽഹിയിൽ
ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ച് രണ്ടു വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. മറ്റൊരു വിമാനം ഇന്നെത്തും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഇറാൻ ഇന്നലെ വ്യോമപാത തുറന്നിരുന്നു. മഹാദിൽ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 11.30നും തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിൽ നിന്നുള്ള വിമാനം പുലർച്ചെ മൂന്നോടെയുമാണ് ഡൽഹിയിലിറങ്ങിയത്. വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. നടപടി ഏകോപിപ്പിക്കുന്നത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ്. റോഡ് മാർഗം മഷാദിലെത്തിയ 1,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനാണ് വ്യോമാതിർത്തി തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |