നിങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ഒരാള്‍ കുഴഞ്ഞു വീഴുന്നത് കാണുന്നു. ആ വ്യക്തി അനങ്ങാതെ കിടക്കുന്നു. ആളുകള്‍ തടിച്ചുകൂടുന്നു. എന്തുചെയ്യണമെന്ന് അറിയാതെ അവര്‍ ആശയക്കുഴപ്പത്തിലാണ്. ചിലര്‍ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ആ വ്യക്തിയെ സഹായിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല. ഇത് എന്തുകൊണ്ട്?
കാരണം ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുമ്പോള്‍ എന്തുചെയ്യണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. അത് നമുക്ക് മാറ്റാം. ഒരു ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് മെഡിക്കല്‍ ബിരുദം ആവശ്യമില്ല - ശരിയായ അറിവും പ്രവര്‍ത്തിക്കാനുള്ള ധൈര്യവും മാത്രം മതിയാകും.
നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
1. സാഹചര്യം പരിശോധിക്കുക
അബോധാവസ്ഥയിലുള്ള വ്യക്തിയുടെ അടുത്തേക്ക് പോകുന്നതിനുമുമ്പ് ചുറ്റുപാടുകള്‍ നിങ്ങള്‍ക്ക് സമീപിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍, വൈദ്യുതി ലൈന്‍, തകര്‍ന്നുവീഴുന്ന കെട്ടിടം, തീപിടിത്തം അല്ലെങ്കില്‍ നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന സമാനമായ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുക. സ്വയം അപകടത്തിലാക്കി മറ്റൊരാളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
2. ബോധം പരിശോധിക്കുക
ആ വ്യക്തിയുടെ അടുത്തേക്ക് പോകുക. തോളില്‍ ശക്തമായി തട്ടിയും ഉച്ചത്തില്‍ വിളിച്ചും അയാളുടെ ബോധനില പരിശോധിക്കുക.
3. സഹായത്തിനായി വിളിക്കുക
ആ വ്യക്തി പ്രതികരിക്കുന്നില്ലെങ്കില്‍, സമീപത്തുള്ള ആരോടെങ്കിലും ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിക്കുക. നിങ്ങള്‍ വിളിക്കുമ്പോള്‍, അബോധാവസ്ഥയിലുള്ള ഒരു വ്യക്തി ഉണ്ടെന്ന് വ്യക്തമായി പറയുകയും ആ സ്ഥലത്തേക്ക് ആംബുലന്‍സ് അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക
4. ശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക
ആ വ്യക്തിയുടെ നെഞ്ച് സാധാരണ പോലെ മുകളിലേക്കും താഴേക്കും ചലിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.അയാള്‍ ശ്വസിക്കുന്നില്ലെങ്കിലോ വളരെ കുറച്ച് ശ്വസന ചലനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നിയാലോ, അത് ഹൃദയസ്തംഭനമാണെന്ന് കരുതുക.
5. CPR ആരംഭിക്കുക
ഒരാളുടെ ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ നിലയ്ക്കുമ്പോള്‍ ചെയ്യുന്ന ഒരു അടിയന്തര ചികിത്സയാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ (CPR). ശരിയായ സമയത്തുള്ള CPR ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.
ചില പൊതു ഇടങ്ങളില്‍ ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രില്ലേറ്ററുകള്‍ (AEDs) ഉണ്ട്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളാണിവ. നിങ്ങള്‍ സിപിആര്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഉപകരണം ലഭ്യമാണെങ്കില്‍ അത് രോഗിയുടെ അരികില്‍ വയ്ക്കുകയും ഓണാക്കുകയും ചെയ്യുക.
വോയ്‌സ് പ്രോംപ്റ്റുകളിലൂടെ ഉപയോക്താവിനെ നയിക്കുന്ന ഒരു ഉപകരണമാണ് AED, അതിനാല്‍ ഉപകരണം ഓണാക്കിയാലുടന്‍ അത് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുകയും അതിന്റെ കമാന്‍ഡുകള്‍ പാലിക്കുകയും ചെയ്യുക.അതില്‍ കാണിച്ചിരിക്കുന്നതുപോലെ പാഡുകള്‍ ഘടിപ്പിക്കുക. വോയ്സ് പ്രോംപ്റ്റുകള്‍ പിന്തുടരുക. ഷോക്ക് നല്‍കാന്‍ AED ആവശ്യപ്പെടുകയാണെങ്കില്‍, രോഗിയെ ആരും തൊടുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മിന്നുന്ന ലൈറ്റ് അമര്‍ത്തുക. സഹായം എത്തുന്നതുവരെ CPR തുടരുക.
പിന്നീട് എന്താണ് ചെയ്യേണ്ടത്?
ആംബുലന്‍സ് എത്തുമ്പോള്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ വിവരങ്ങളും നല്‍കുക: എന്താണ് സംഭവിച്ചത്, എത്ര സമയമായി നിങ്ങള്‍ CPR നല്‍കുന്നു, ഹൃദയസ്തംഭനത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ എല്ലാം പറയുക. നിങ്ങളുടെ പ്രവൃത്തികള്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വ്യത്യാസത്തെ അര്‍ത്ഥമാക്കിയേക്കാം.
ഓര്‍ക്കുക:
പ്രതികരണമില്ലായ്മ + ശ്വാസതടസ്സം = ഹൃദയസ്തംഭനം = ഉടന്‍ തന്നെ CPR ആരംഭിക്കുക.
ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ, ഒരാളുടെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള എല്ലാ വ്യത്യാസങ്ങളും വരുത്താന്‍ നിങ്ങള്‍ക്ക് കഴിയും.
Dr. Binu Bright
Consultant and Head of the Department
Emergency Medicine
SUT Hospital, Pattom.TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |