വൈപ്പിൻ: നിരോധനകാലത്ത് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ 11ഫൈബർ മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി.നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് സമുദ്രോപരിതല മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാൽ ചില പരമ്പരാഗത വള്ളങ്ങൾ സമുദ്രോപരിതലത്തിന് താഴെ വലകൾ സ്ഥാപിച്ചാണ് മത്സ്യങ്ങളെ പിടികൂടുന്നത്. ഇത്തരത്തിൽ മത്സ്യബന്ധനം നടത്തിയ അമ്മ, വിൽസൺ, സിലുവിയാ തുണൈ, ഉണ്ണിയേശു, വടിപ്പെട്ടി മാതാ, സിന്ധു യാത്രമാതാ, സെന്റ് മൈക്കൾ, മാതാ തുണൈ, സെൽവൻ, കുരിയച്ചൻ തുടങ്ങിയ വള്ളങ്ങളാണ് പിടിയിലായത്. ഈ വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് 36,300 രൂപയും പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ട്രഷറിയിൽ അടപ്പിച്ചു.
ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ഒഫ് ഗാർഡ് പി.എസ്. മഞ്ജിത് ലാൽ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. കർശന നിരീക്ഷണം തുടരുന്നതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |