കൊല്ലം: നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള വിജ്ഞാനകേരളം പദ്ധതി, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി കൈകോർക്കുന്നു. ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് നൈപുണ്യ കോഴ്സുകൾ നൽകി തൊഴിൽ ലഭ്യമാക്കുക, നോളഡ്ജ് ഇക്കോണമി മിഷന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽ പരിശീലനം നൽകി യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകുക എന്നിവയാണ് ലക്ഷ്യം.
വിജ്ഞാനകേരളം ക്യാമ്പെയിന്റെ ഭാഗമായി ഇപ്പോൾ പ്രായമായവർക്കും നോളഡ്ജ് ഇക്കോണമി മിഷൻ വഴി തൊഴിൽ ലഭ്യമാക്കുന്നുണ്ട്. പ്രായമായവർക്കും നിലവിൽ ജോലിയുള്ളവർക്കും ഓപ്പൺ യൂണിവേഴ്സിറ്റി വഴി നൈപുണ്യ പരിശീലനം നടത്താം. ഇപ്പോൾ അസാപ്പ്, കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് തുടങ്ങിയ ഏജൻസികൾ വഴിയാണ് നോളഡ്ജ് ഇക്കോണമി മിഷൻ നൈപുണ്യ പരിശീലനം നൽകുന്നത്.
നൈപുണ്യ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് നൽകുന്ന തരത്തിലായിരിക്കും പുതിയ ധാരണാപത്രം. കോഴ്സുകൾക്കുള്ള പ്രവേശനം ഓപ്പൺ യൂണിവേഴ്സിറ്റി നടത്തും. ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും നോളഡ്ജ് ഇക്കോണമി മിഷന്റെയും ഫാക്കൽറ്റികൾ ഓൺലൈനായി ക്ലാസെടുക്കും. കോൺടാക്ട് ക്ലാസും ഉണ്ടാകും.
ഫീസിന് തദ്ദേശ പദ്ധതി
വിജ്ഞാനകേരളം പദ്ധതിയുമായി ധാരണാപത്രം ഒപ്പിടുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ തൊഴിൽ പരിശീലന പദ്ധതികളിലെ ഗുണഭോക്താക്കൾക്കും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേരാം.
നോളഡ്ജ് ഇക്കോണമി മിഷൻ വിജ്ഞാനകേരളം എന്ന പേരിൽ ജനകീയ ക്യാമ്പയിനായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വീട്ടമ്മമാർക്കടക്കം ജോലി ലഭ്യമാക്കുന്നു. മിഷനിലൂടെ ജോലി ലഭിച്ചവർക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലിനുള്ള അവസരമൊരുക്കും. നിലവിലെ ജോലി പ്രായോഗിക പരിശീലനമായി കണക്കാക്കി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോൺടാക്ട് ക്ലാസ് നൽകി സർട്ടിഫിക്കറ്റ് നൽകും.
ഡോ. ടി.എം.തോമസ് ഐസക്
നോളഡ്ജ് ഇക്കോണമി മിഷൻ ഉപദേഷ്ടാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |