പോത്തൻകോട്: മദ്യലഹരിയിൽ യുവതിയെ സഹോദരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. പോത്തൻകോട് സ്വദേശി ഷെഫീനയാണ് (33) കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ (40) മണ്ണന്തല പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7ഓടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 14നാണ് പോത്തൻകോട് പന്തലക്കോട് സ്വദേശികളായ യുവതിയുടെ കുടുംബം മണ്ണന്തല ഇസാഫ് ബാങ്കിന് സമീപത്തെ അപ്പാർട്ട്മെന്റ് രണ്ടു ദിവസത്തേക്ക് വാടകയ്‌ക്കെടുത്തത്. പ്രതിയായ ഷംസാദിന് പി.എം.എസ് ഡെന്റൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണെന്നായിരുന്നു അപ്പാർട്ട്മെന്റ് ഉടമയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അപ്പാർട്ട്മെന്റിലെ താമസം നീട്ടുകയായിരുന്നു.
ഇന്നലെ മദ്യപിച്ചെത്തിയ ഷംസാദ്,സഹോദരിയെ അസഭ്യം വിളിച്ച് മർദ്ദിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഷംസാദിന്റെ സുഹൃത്ത് ചെമ്പഴന്തി സ്വദേശിയായ വിശാഖും ഫ്ലാറ്റിലുണ്ടായിരുന്നു. മർദ്ദനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷെഫീന മുറിയിലെ കട്ടിലിനടിയിൽ വീണുകിടക്കുകയായിരുന്നു. താൻ സഹോദരിയെ മർദ്ദിച്ചെന്ന് ഷംസാദ് അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ മാതാപിതാക്കളാണ് ഷെഫീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി തടസം നിന്നു. ഇതോടെ ഇവർ മണ്ണന്തല പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഷെഫീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷെഫീനയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകളുള്ളതായി പൊലീസ് പറഞ്ഞു. ഷംസാദും സുഹൃത്ത് വൈശാഖും കസ്റ്റഡിയിലാണ്. മദ്യലഹരിയിലായതിനാൽ ഇരുവരെയും ചോദ്യം ചെയ്യാനായിട്ടില്ല. മർദ്ദന കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |