തൃശൂർ : പല പ്രദേശങ്ങളിലും സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടം എത് നിമിഷവും വൻ ദുരന്തത്തിലേക്ക് വഴിവെച്ചേക്കാവുന്ന നിലയിലേക്ക്. മോശം റോഡിലൂടെയുള്ള യാത്രയാണ് പ്രശ്‌നമെന്ന് ബസുകാർ ആരോപിക്കുമ്പോഴും നല്ല റോഡുകളിലൂടെയുള്ള പാച്ചിലും അപകടം സൃഷ്ടിക്കുന്നുണ്ട്. റോഡുകളുടെ ശോച്യാവസ്ഥയും കുരുക്കും കൂടിയാകുമ്പോൾ സമയത്തിനെത്താൻ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ഈ മരണപ്പാച്ചിൽ. ബൈക്ക് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ പലപ്പോഴും അത്ഭുതകരമായാണ് രക്ഷപ്പെടുന്നത്.
കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് ഇന്നലെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് തകിട് കൊണ്ട് നിർമ്മിച്ച ബസ് സ്റ്റോപ്പും, സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു. വൈദ്യുതി ബന്ധം നിലച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തുനിന്നിരുന്ന യാത്രക്കാരിക്ക് നേരെ പാഞ്ഞുവന്നു അപകടമുണ്ടാക്കിയിരുന്നു. അമിതവേഗം മൂലം മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാരും ഫർണീച്ചർ വ്യാപാരികളും പറയുന്നു.
ബ്ലോക്കിനിടയിലേക്ക് ' കുത്തിക്കയറ്റൽ '
ഇന്നലെ തൃശൂർ - വടക്കാഞ്ചേരി റൂട്ടിൽ മുളങ്കുന്നത്തുകാവിലെ മരം കയറ്റി വന്ന ലോറിയും കാറു കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നുണ്ടായ കുരുക്ക് മുറുക്കിയത് ചില സ്വകാര്യബസ് ജീവനക്കാരുടെ നടപടികളായിരുന്നു. ഒരു വരി സുഗമമായി പോയിക്കൊണ്ടിരുന്ന സ്ഥലത്തേക്ക് ബസുകളെടുത്തതോടെ ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനാകാത്ത സ്ഥിതിയായി. ഇന്നലെ പുലർച്ചെ പതിനൊന്നോടെയായിരുന്നു അപകടം. 12 മണിക്കൂറോളമായിരുന്നു കുരുക്ക്. പുഴയ്ക്കലിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ അയ്യന്തോൾ മോഡൽ റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതും പലപ്പോഴും സ്വകാര്യബസുകളുടെ ഇത്തരം കുത്തിക്കയറ്റലാണ്.
ആംബുലൻസുകൾക്ക് പോലും രക്ഷയില്ല
നഗരത്തിൽ ജില്ലാ ആശുപത്രി മുതൽ എം.ഒ റോഡിലേക്ക് തിരിയുന്നത് വരെയുള്ള സ്ഥലത്ത് സ്വകാര്യബസുകൾ നടത്തുന്ന അതിക്രമം പലപ്പോഴും രോഗികളുമായെത്തുന്ന ആംബുലൻസുകൾക്കും കുരുക്കാകാറുണ്ട്. വലതുവശത്ത് കൂടി നിരനിരയായെത്തുന്ന സ്വകാര്യബസുകൾ എം.ഒ റോഡിലേക്ക് എടുക്കുന്നതോടെ ഇടതുഭാഗത്ത് കൂടി വരുന്ന മറ്റ് വാഹനങ്ങൾ കുടുങ്ങും. വഴി മാറി കൊടുത്തില്ലെങ്കിൽ ജീവനക്കാരുടെ അസഭ്യവർഷവും കേൾക്കണം. നഗരത്തിൽ 35 കിലോമീറ്ററാണ് വേഗമെങ്കിലും അതും മറികടന്നാണ് പാച്ചിൽ. ഓവർടേക്ക് ചെയ്യാൻ പാടില്ലായെന്ന നിബന്ധനയും കാറ്റിൽപറത്തും.
ചൊവ്വൂർ ബസ് സ്റ്റോപ്പിലേക്ക്
ബസ് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്
ഒഴിവായത് വൻ ദുരന്തം
ചേർപ്പ്: ചൊവ്വൂർ അഞ്ചാംകല്ലിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി, മൂന്ന് സ്ത്രീകൾ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചൊവ്വൂർ ചെറുവത്തേരി കാര്യാട്ടുപറമ്പിൽ ബേബി കുമാറിന്റെ ഭാര്യ സംഗീത (47), ചെറുവത്തേരി വീട്ടിൽ പ്രേമാവതി (61), ഇവരുടെ മകൾ സയ്ന (36) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രേമാവതിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ബസ് ജീവനക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.10 ന് ട്രാഫിക് പഞ്ചിംഗ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന അൽ അസാ സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ബസ് പാഞ്ഞു വരുന്നത് കണ്ട് ബസ് കാത്തുനിന്നവർ ഓടി മാറിയത് മൂലം വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് തകിട് കൊണ്ട് നിർമ്മിച്ച ബസ് സ്റ്റോപ്പും, സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു. വൈദ്യുതി ബന്ധം നിലയ്ക്കുകയും വാഹന ഗതാഗത തടസവും നേരിട്ടു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി.
അപകടം, പി.എസ്.സി പരീക്ഷാ
ഡ്യൂട്ടിക്ക് പോകുന്നതിനിടെ
ചേർപ്പ് : ചൊവ്വൂർ ബസ് അപകടത്തിൽപെട്ട തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിലെ സംഗീത അദ്ധ്യാപിക സംഗീത (47) പി.എസ്.സി പരീക്ഷാ ഡ്യൂട്ടിക്ക് സ്കൂളിലേക്ക് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് വന്ന് അപകടം സംഭവിച്ചത്. മഴയായതിനാൽ കുട ചൂടി കൂട്ടമായി നിൽക്കുകയായിരുന്ന സംഗീതയടക്കമുള്ള യാത്രക്കാരായ സ്ത്രീകൾ ഇടിച്ചുകയറിയ ബസിന് മുന്നിൽ നിന്ന് ചാടി നിലത്ത് വീഴുന്ന കാഴ്ച പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അപകടം നടന്നയുടൻ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
ഡ്രൈവർ കസ്റ്റഡിയിൽ
ചേർപ്പ്: ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയ ഉണ്ടായ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ മാള പുത്തൻചിറ ഒലവക്കോട് വീട്ടിൽ നാസറി ( 52) നെ ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പടംനാസർ
സംസ്ഥാനപാതയിൽ വാഹനാപകടം :
12 മണിക്കൂർ ഗതാഗത സ്തംഭിച്ചു
അത്താണി: ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ മുളങ്കുന്നത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മരംകയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയിലെ തടി കെട്ടിയിരുന്ന കയർ പൊട്ടി. ഇതോടെ ലോറി സംസ്ഥാന പാതയുടെ മദ്ധ്യത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെ 12 മണിക്കൂർ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. ഇരു ദിശയിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുക്ക് പെട്ടു. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം. തിരൂർ സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ സൈമന്റെ മകൻ ഷിൽജൻ (31) സഞ്ചരിച്ചിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഷിൽജന് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |