ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും നിബന്ധനകൾ ലംഘിച്ച പാകിസ്താൻ വെള്ളം കിട്ടാതെ വലയുമെന്നും
ഷാ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ അത് മരവിപ്പിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ, ഒരിക്കൽ ലംഘിക്കപ്പെട്ടാൽ അതിന് നിലനിൽപ്പില്ല. നമുക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. ജമ്മു കാശ്മീരിലെ സമാധാനം തകർക്കാനും വിനോദസഞ്ചാര മേഖല തകർക്കാനും കാശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള ശ്രമമാണ് പഹൽഗാം ഭീകരാക്രമണത്തിലൂടെ നടന്നത്. പാകിസ്ഥാൻ എന്ത് ചെയ്യാൻ തയ്യാറായാലും അതിനെതിരേ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ചതടക്കമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |