മുംബയ്: ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ വനംവകുപ്പിന്റെയും ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെയും (ബി.എം.സി) പരിശോധന. ബാന്ദ്രയിലുള്ള വസതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് പരിശോധന. തീരദേശ നിയമങ്ങൾ ലംഘിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന പരാതി ലഭിച്ചതോടെ വനം വകുപ്പ്, ബി.എം.സി ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുകയായിരുന്നു. ആർ.ടി.ഐ പ്രവർത്തകൻ സന്തോഷ് ദൗർക്കറാണ് പരാതി നൽകിയത്. അറബിക്കടലിന്റെ സമീപത്തായതിനാലാണ് തീരദേശ നിയമം ബാധകമാകുന്നത്. ആവശ്യമായ രേഖകൾ സമർപ്പിക്കുമെന്ന് മന്നത്തിന്റെ പ്രതിനിധികൾ അധികാരികളെ അറിയിച്ചതായാണ് വിവരം.
27,000 ചതുരശ്ര അടി വിസ്തീർണമുള്ള മന്നത്തിൽ രണ്ട് വർഷം നീണ്ടുനിൽക്കുന്ന നവീകരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രധാന ഹെറിറ്റേജ് ബംഗ്ലാവിന് സമീപമുള്ള കെട്ടിടത്തിൽ പുതിയ നിലകൾ നിർമ്മിക്കും. നിലവിൽ ഷാരൂഖ്, ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർ മന്നത്തിന് തൊട്ടടുത്ത് ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |