കണ്ണൂർ: ആൾക്കൂട്ടവിചാരണയെ തുടർന്ന് ആത്മഹത്യചെയ്ത യുവതിയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ആരോപണവിധേയനായ യുവാവ് മൊഴി നൽകി. മയ്യിൽ സ്വദേശി റഹീസ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായാണ് മൊഴി നൽകിയത്. സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന യുവതിയുടെ കുടുംബത്തിന്റെ ആരോപണം റഹീസ് നിരസിച്ചു.
ആത്മഹത്യചെയ്ത റസീനയുമായി അസ്വാരസ്യം ഉണ്ടായിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും റഹീസ് പറഞ്ഞു. മൂന്നരവർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അന്ന് റഹീസ് വിദേശത്തായിരുന്നു. സൗഹൃദം ശക്തിപ്പെട്ടതോടെ നാട്ടിലെത്തിയാൽ സുഹൃത്തെന്ന നിലയിൽ റസീനയെ കാണാൻ പോകുമായിരുന്നുവെന്നും അന്വേഷണച്ചുമതല വഹിക്കുന്ന തലശ്ശേരി എ.എസ്.പിക്ക് യുവാവ് മൊഴി നൽകി.
യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ യുവാവിനെക്കുറിച്ച് ഒന്നുംതന്നെ പൊലീസിന് കണ്ടെത്താനായിട്ടില്ല. യുവതിയെയും യുവാവിനെയും വിചാരണ ചെയ്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. യുവതിയുടെ കുടുംബം നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
മാതാവിന്റെ ആരോപണം?
റസീനയുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും റഹീസിന്റെ കൈവശമുണ്ടെന്ന് മാതാവ് ആരോപിച്ചു.
വീഡിയോയും ഫോട്ടോയും തിരിച്ചുകിട്ടുന്നതുവരെ റഹീസിനെ വെറുപ്പിക്കാൻ കഴിയില്ലെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും മകൾ പറഞ്ഞിരുന്നതായും മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.റസീനയും ഭർത്താവും തമ്മിലുള്ള സ്വരച്ചേർച്ചയിലായ്മ മുതലെടുത്താണ് ആൺ സുഹൃത്ത് വിവാഹവാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടിയതെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞിരുന്നുവെന്നും മാതാവ് പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. റഹീസിനെതിരെ അയാളുടെ ഭാര്യ ഗാർഹിക പീഡനപരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വീഡിയോയും റഹീസിന്റെ കൈയിലുണ്ടായിരുന്നതിനാൽ മകൾക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകൾ പറഞ്ഞിരുന്നു.ഫോട്ടോയും വീഡിയോയും നശിപ്പിക്കാമെന്നു പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് മകൾ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരിൽ ചിലർ കണ്ട് പ്രശ്‌നമുണ്ടായത്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നും റസീനയുടെ മാതാവ് പരാതിയിൽ പറയുന്നു.
യുവാവിന്റെ പരാതിയിൽ കേസ്
റഹീസിന്റെ പരാതിയിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. മുബഷീർ, ഫൈസൽ, റഫ്നാൻ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നു മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങിയ ശേഷം സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വച്ച് മർദ്ദിച്ചെന്നാണ് പരാതിയിലുള്ളത്.
പൊലീസ് സ്റ്റേഷൻ മാർച്ച്
റസീന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റു ചെയ്ത പ്രതികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് കള്ളക്കേസ് ചുമത്തി യുവാക്കളെ അറസ്റ്റുചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |